യുവാവിനെ കൊലപ്പെടുത്തി ആത്മഹത്യയാണെന്നു വരുത്താനുള്ള ശ്രമം പാളിയത് പ്രതികളുടെ ‘അതിബുദ്ധി’ കൊണ്ട്

കൊച്ചി : ഇടക്കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി ആത്മഹത്യയാണെന്നു വരുത്താനുള്ള ശ്രമം പാളിയത് പ്രതികളുടെ ‘അതിബുദ്ധി’ കൊണ്ട്. കൊല്ലപ്പെട്ട ആഷിഖ്, തനിക്ക് അപകടം പറ്റിയെന്നു പറഞ്ഞ് വിളിച്ചു വരുത്തിയതാണെന്നും താൻ എത്തിയപ്പോൾ ചോര വാർന്നു കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു പ്രതികളിലൊരാളായ ഷഹാനയുടെ മൊഴി. എന്നാൽ പൊലീസിന് ഇത് എളുപ്പം പൊളിക്കാനായി. അതിനുള്ള തെളിവുകൾ ഷഹാനയും ഭർത്താവ് ഷിഹാബും അവശേഷിപ്പിക്കുകയും ചെയ്തു. ഷിഹാബും കേസിൽ പ്രതിയാണ്.

തിങ്കളാഴ്ച രാത്രിയാണ് ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ഇന്ദിരാഗാന്ധി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട വാനിന്റെ മുൻസീറ്റില്‍ ആഷിക്കിനെ മരിച്ച നിലയിൽ കണ്ടത്. പള്ളുരുത്തി പെരുമ്പടപ്പ് പാര്‍ക്ക് റോഡ് വഴിയകത്ത് വീട്ടില്‍ അക്ബറിന്റെ മകൻ ആഷിഖ് മത്സ്യ വിതരണ വാഹനത്തിന്റെ ഡ്രൈവറാണ്. സുഹൃത്ത് ഷഹാന ബഹളം വച്ചപ്പോൾ ഓ‌‌ടിയെത്തിയവരാണ് ആഷിഖിന്റെ മൃതദേഹം കണ്ടത്.

അടുത്തെത്തിയവരോട് ഷഹാന പറഞ്ഞത്, അപകടം പറ്റിയെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഷിഖ് വിളിച്ചെന്നും എത്തിയപ്പോൾ ഗുരുതരമായി പരുക്കേറ്റ് കിടക്കുന്നത് കണ്ടെന്നുമാണ്. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ആഷിഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടയിലും കാൽപാദത്തിലുമുള്ള മുറിവുകളിലെ രക്തസ്രാവമാണ് മരണകാരണം എന്നാണ് വിവരം. തുടർന്നാണ്, ആഷിഖിന്റേത് ആത്മഹത്യയായിരുന്നു എന്ന രീതിയിൽ കഥകൾ പ്രചരിച്ചത്. ആഷിഖും ഷഹാനയും അടുപ്പത്തിലായിരുന്നു. ഷഹാനയുടെ വിവാഹാഭ്യർഥന തള്ളിയ ആഷിഖ് മറ്റൊരു വിവാഹത്തിനൊരുങ്ങി. അത് മുടക്കാൻ ഷഹാന ശ്രമിച്ചതിലുള്ള മനോവിഷമം കൊണ്ട് അവരെ വിളിച്ചു വരുത്തി ആഷിഖ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് അഭ്യൂഹം പ്രചരിച്ചത്.

എന്നാൽ ആഷിഖ് വിളിച്ചപ്പോഴാണ് താനെത്തിയത് എന്ന ഷഹാനയുടെ വാദം പൊളിക്കാനുള്ള തെളിവുകൾ പൊലീസിനു സംഭവസ്ഥലത്തുനിന്നുതന്നെ ലഭിച്ചു. ആഷിഖിനെ കണ്ടെത്തുമ്പോൾ, അടച്ചിട്ട വാഹനത്തിൽ ഒരു പേർഷ്യൻ പൂച്ചയുമുണ്ടായിരുന്നു. ഷഹാനയുടെയും ശിഹാബിന്റെയും പൂച്ചയായിരുന്നു അത്. കൊലപാതകത്തിനു ശേഷം ശിഹാബ് വാഹനം അടച്ചു പോയപ്പോൾ പൂച്ചയെ കൊണ്ടുപോയിരുന്നില്ല. മറ്റൊന്ന് വാഹനത്തിനു സമീപം കിടന്ന ഒരു ഹെയർബാൻഡാണ്. അത് ഷഹാനയുടേതാണെന്ന് പൊലീസ് കണ്ടെത്തി. ഫോൺ വിളിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ ആളിന്റെ ഹെയർബാൻഡ് ഊരി വീഴേണ്ടതില്ലല്ലോ എന്നതായിരുന്നു പൊലീസിന്റെ സംശയം. ശിഹാബും ഷഹാനയും കാണിച്ച ഒരു ‘അതിബുദ്ധി’ തന്നെ മറ്റൊരു തെളിവുമായി. തന്നെ ആഷിഖ് വിളിച്ചു വരുത്തിയതാണെന്നു തെളിയിക്കാൻ ഷഹാന ആഷിഖിന്റെ ഫോണിൽ‍നിന്ന് തന്റെ ഫോണിലേക്കു വിളിച്ചിരുന്നു. ഈ വിളിയുടെ സമയത്ത് ഇരു ഫോണുകളും ഒരേ ടവറിനു കീഴിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയും ചെയ്തു.
ഷഹാനയും ആഷിഖും തമ്മിലുള്ള അടുപ്പം ശിഹാബിന് അറിയാമായിരുന്നു. അതിൽനിന്നു പിന്മാറണമെന്ന് ശിഹാബ് ആവശ്യപ്പെട്ടെങ്കിലും ആഷിഖ് തയാറായില്ല. തുടർന്ന് ഷഹാനയെക്കൊണ്ട് ആഷിഖിനെതിരെ ശിഹാബ് പീഡന പരാതി കൊടുപ്പിച്ചു. 21 ദിവസം ആഷിഖ് ജയിലിൽ കഴിഞ്ഞു. പിന്നീടും ഇരുവരും അടുപ്പം തുടർന്നെങ്കിലും ആഷിഖ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചത് പ്രശ്നമായി. ഷഹാന ഇതിന്റെ പേരിൽ ആഷിഖിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നും നാട്ടുകാർ പറയുന്നുണ്ട്. ഷഹാനയുടെ നഗ്നചിത്രങ്ങളടക്കം തന്റെ പക്കലുണ്ടെന്നും ഇത് പുറത്തുവിടുമെന്നും ആഷിഖ് പറഞ്ഞതോടെ കൊലപ്പെടുത്താൻ ഇരുവരും ചേർന്ന് തീരുമാനിച്ചെന്നാണ് പൊലീസിന്റെ നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !