റായ്പുർ: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിനുള്ളിലാക്കി സിമന്റിട്ട് അടച്ചു. റായ്പുരിലെ കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണം എത്തിയത് ഡൽഹിയിൽ. ഒടുവിൽ ഡൽഹി വിമാനത്താവളത്തിൽവെച്ച് അഭിഭാഷകനും ഭാര്യയും പോലീസിന്റെ പിടിയിലായി.
വീൽചെയർ ഉപയോഗിച്ച് സഞ്ചരിക്കുന്ന ഹന്ദിപാറയിലെ എച്ച്എംടി ചൗക്കിൽ താമസിച്ചിരുന്ന കിഷോർ പൈക്ര തന്റെ ഗ്രാമത്തിലെ സ്ഥലം വിൽക്കാൻ അഭിഭാഷകനായ അങ്കിത് ഉപാധ്യായയുമായി ധാരണയിൽ എത്തിയിരുന്നു. സ്ഥലം അങ്കിത് വാങ്ങിയെങ്കിലും നേരത്തേ നിശ്ചയിച്ച 50 ലക്ഷം രൂപയ്ക്കു പകരം 30 ലക്ഷം രൂപ മാത്രമാണ് അങ്കിത് നൽകിയത്. ഇത് തർക്കത്തിലേക്ക് എത്തുകയും പോലീസിൽ പരാതിപ്പെടുമെന്ന് കിഷോർ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നായിരുന്നു കൊലപാതകം.ഛത്തീസ്ഗഢ് പോലീസിലെ വിരമിച്ച എഎസ്‌ഐയുടെ മകനായ അങ്കിത്തിനെയും ഭാര്യയെയും കിഷോറിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച റായ്പുരിലെ ഡിഡി നഗറിലേക്ക് ഒരു കാറിൽ രണ്ട് പേർ ഇറങ്ങുന്നതും ഡിക്കി തുറന്ന് മൃതദേഹമടങ്ങിയ ട്രങ്ക് പുറത്തെടുക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. മുഖം മറച്ച ഒരു സ്ത്രീ ഇരുചക്ര വാഹനത്തിൽ കാറിനെ പിന്തുടരുന്നതും കാണാം.പ്രാഥമിക ചോദ്യം ചെയ്യലിൽനിന്ന് ലഭിക്കുന്ന സൂചനയനുസരിച്ച്, റായ്പൂരിലെ അഭിഭാഷകനായ അങ്കിത് ഉപാധ്യായയും ഭാര്യയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ കിഷോർ പൈക്രയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് റായ്പുർ എസ്എസ്പി ലാൽ ഉമേദ് സിംഗ് പറഞ്ഞു.
അറസ്റ്റിലായ ദമ്പതികളെ ചൊവ്വാഴ്ച രാത്രി വൈകി റായ്പൂരിലേക്ക് കൊണ്ടുവന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.