കോരിച്ചൊരിയുന്ന മഴയത്തും ആവേശകരമായ പ്രചരണ പരിപാടികളാണ് നിലമ്പൂരില്‍ അരങ്ങേറിയത്. ഇരുപത്തിമൂന്ന് ദിവസത്തെ പരസ്യപ്രചാരണത്തിനാണ് ഇന്ന് അന്ത്യമായത്. നാളെ ഒരു ദിവസത്തെ നിശബ്ദപ്രചരണത്തിന് ശേഷം ബുധനാഴ്ച നിലമ്പൂര്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങും. അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പിനാണ് നിലമ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് നിലമ്പൂരില്‍ തമ്പടിച്ച് ഇടത് സ്ഥാനാർഥിക്കായി പ്രചരണം നടത്തി. യു ഡി എഫിന്റെ പ്രചാരണ പരിപാടികള്‍ക്ക് പ്രതിപക്ഷനേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫും അടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്കി. എ ഐ സി സി ജന.സെക്രട്ടറിയും വയനാട് എം പിയുമായ പ്രിയങ്കയായിരുന്നു യു ഡി എഫിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍.സി പി ഐ എമ്മിന്റെ പ്രമുഖനേതാക്കള്‍, മന്ത്രിമാര്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവരടങ്ങുന്ന വലിയൊരു നിരതന്നെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി നിലമ്പൂരില്‍ ക്യാമ്പു ചെയ്തു. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദേശീയ ജന.സെക്രട്ടറി എം എ ബേബിയും മണ്ഡലത്തില്‍ സജീവസാന്നിദ്ധ്യമായിരുന്നു.
സി പി ഐ എമ്മിലെ യുവമുഖമായ എം സ്വരാജിന്റെ സ്ഥാനാർഥിത്വം മണ്ഡലത്തില്‍ വലിയ ആവേശമാണ് തുടക്കം മുതല്‍ ഉണ്ടാക്കിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യു ഡി എഫ് ബഹുദൂരം മുന്നിലായിരുന്നു. യു ഡി എഫിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിംലീഗ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പുതന്നെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു. സ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിക്കാനായതും പ്രതീക്ഷിച്ചതില്‍ നിന്നും ഭിന്നമായി കോണ്‍ഗ്രസില്‍ രൂപംകൊണ്ട ഐക്യവും മണ്ഡലത്തില്‍ വിജയപ്രതീക്ഷകള്‍ വര്‍ധിച്ചതായി കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കുന്നുണ്ട്.
പി വി അന്‍വര്‍ വഞ്ചന കാണിച്ചുവെന്നാണ് സി പി ഐ എം പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. മുഖ്യമന്ത്രിയുടെ പ്രധാന ലക്ഷ്യവും അന്‍വറിന്റെ സ്വീകാര്യത തകര്‍ക്കുക എന്നതായിരുന്നു. യു ഡി എഫില്‍ പ്രവേശിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സ്വതന്ത്രനായി രംഗത്തെത്തിയ മുന്‍ എം എല്‍ എ കൂടിയായ പി വി അന്‍വര്‍ ആരുടെ വോട്ടുപിടിക്കുമെന്നതാണ് ഇരുമുന്നണികളും ആകാംഷയോടെ നോക്കുന്നത്. അന്‍വര്‍ പിടിക്കുന്ന വോട്ട് നിര്‍ണായകമാവുമെന്ന് ഇരുമുന്നണികളും ഭയക്കുന്നുണ്ട്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ നിലപാട്. ആദ്യം മത്സരിക്കില്ലെന്ന ബി ജെ പി നിലപാട് വിവാദങ്ങള്‍ ഭയന്ന് മാറ്റുകയും പാര്‍ട്ടിക്ക് പുറത്തുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ബി ജെ പിക്ക് സ്ഥാനാര്‍ഥിയുണ്ടായിരുന്നുവെങ്കിലും കാടടച്ചുള്ള പ്രചാരണം ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. പരമ്പരാഗതവോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമം മാത്രമാണ് ബി ജെ പിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്.
കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന നിലമ്പൂര്‍ ഇടതുപക്ഷത്തേക്ക് ചാഞ്ഞത് പി വി അന്‍വര്‍ എന്ന ഇടത് സ്വതന്ത്രനിലൂടെയായിരുന്നു. രണ്ടാം വട്ടവും അന്‍വര്‍ നിലമ്പൂരില്‍ വിജയം ആവര്‍ത്തിച്ചതോടെ എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റായി. എന്നാല്‍ ഇടത് കോട്ടയില്‍ നിന്നും പുറത്തിറങ്ങിയ അന്‍വര്‍ സി പി ഐ എമ്മിന് കടുത്ത പ്രതിരോധം തീര്‍ത്ത് രംഗത്തെത്തി. മുഖ്യമന്ത്രിയെയും ആഭ്യന്തരവകുപ്പിനെയും വെല്ലുവിളിച്ച അന്‍വര്‍ പിണറായിസം അവസാനിപ്പിക്കുമെന്നാണ് പ്രധാനമായും തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ പ്രധാന പ്രചരണായുധം.കോണ്‍ഗ്രസിനും പ്രതീപക്ഷനേതാവ് വി ഡി സതീശനും ഒരുപോലെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. എം സ്വരാജിനെ ഇറക്കി പാര്‍ട്ടി ചിഹ്നത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുകവഴി മണ്ഡലം നിലനിര്‍ത്തുകയെന്നതാണ് സി പി ഐ എം ലക്ഷ്യമിട്ടിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കുകയെന്നതാണ് ഇരുമുന്നണികളുടെ മുന്നിലുള്ള വെല്ലുവിളി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.