പത്തനംതിട്ട : പോക്സോ കേസ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരം വെളിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി പത്തനംതിട്ട ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) അധ്യക്ഷൻ എൻ.രാജീവിനെ സസ്പെൻഡ് ചെയ്തു. വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫാണു സിഡബ്ല്യുസി ജില്ലാ അധ്യക്ഷനെ ബാലനീതി ചട്ടങ്ങൾ പ്രകാരം സസ്പെൻഡ് ചെയ്തത്. സിപിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗമാണ് എൻ.രാജീവ്.
ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രതികളെ സഹായിച്ചിട്ടില്ലെന്നും എൻ.രാജീവ് പറഞ്ഞു. അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരം വെളിപ്പെടുത്തിയെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണു നടപടി. എൻ.രാജീവിനെതിരെ പരാതി ലഭിച്ചതിനെ തുടർന്നു വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ വിശദമായ അന്വേഷണം നടത്താൻ കലക്ടർ എസ്.പ്രേം കൃഷ്ണനെ ചുമതലപ്പെടുത്തിയിരുന്നു. കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നു 3 മാസത്തേക്കു സിഡബ്ല്യുസിയുടെ കാലാവധി നീട്ടി നൽകിയിരുന്നു.കുട്ടിയുടെ കുടുംബ പശ്ചാത്തലം, രക്ഷിതാക്കളുടെ തൊഴിൽ, ജാതി തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തിയെന്നു എൻ.രാജീവ് സമ്മതിച്ചതായി കലക്ടറുടെ റിപ്പോർട്ടുണ്ടെന്നും ഉത്തരവിലുണ്ട്. ജില്ലയിലെ മറ്റൊരു പോക്സോ കേസിൽ സമയബന്ധിതമായി വിവരം പൊലീസിൽ അറിയിക്കാതെ അന്വേഷണം വൈകിപ്പിച്ചെന്നും അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നതിനു മുൻപായി പ്രതിക്കും ബന്ധുവിനും സഹായകമായ രീതിയിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി എന്നതും ഉൾപ്പെടെ ഗുരുതര വീഴ്ചകളുണ്ടായെന്നും നടപടിയിൽ പരാമർശമുണ്ട്.സസ്പെൻഷനിലായ സിഡബ്ല്യുസി അധ്യക്ഷൻ പോക്സോ കേസ് പ്രതിക്ക് അനുകൂലമായി ഇടപെടൽ നടത്തിയതിനെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകളുണ്ടെന്നു കലക്ടർ അറിയിച്ച കാര്യവും സസ്പെൻഷൻ ഉത്തരവിലുണ്ട്.പോക്സോ കേസ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരം വെളിപ്പെടുത്തിയ ശിശുക്ഷേമ സമിതി അധ്യക്ഷനെ സസ്പെൻഡ് ചെയ്തു
0
വ്യാഴാഴ്ച, ജൂൺ 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.