ഫ്ലോറിഡ: ചരിത്രനിമിഷം! അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല. ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമാണ് ഡ്രാഗണ്‍ പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്തത്. ആക്സിയം 4 ദൗത്യ സംഘാംഗങ്ങളെ നാസ നിലയത്തിലേക്ക് സ്വാഗതം ചെയ്തു.ഇന്നലെ പുറപ്പെട്ട ചരിത്ര യാത്ര ഇന്നലെയാണ് ശുഭാംശു ശുക്ല അടക്കം നാല് പേര് ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സ്പേസ് എക്സിന്റെ 'ഗ്രേസ്' ക്രൂ ഡ്രാഗണ്‍ പേടകത്തിലായിരുന്നു ഇവരുടെ യാത്ര. മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്സിയം 4 ദൗത്യ സംഘത്തിലുള്ള മറ്റംഗങ്ങള്‍. പെഗ്ഗിയായിരുന്നു ദൗത്യ കമാന്‍ഡര്‍. ദൗത്യം നയിക്കുന്ന മിഷന് പൈലറ്റ് ശുഭാംശു ശുക്ലയായിരുന്നു. Scroll to load tweet… ചരിത്രമെഴുതി ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായതോടെ രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന് എന്ന നേട്ടം ശുഭാംശു ശുക്ല സ്വന്തമാക്കി. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ സന്ദര്‍ശനത്തിന് 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര.
എന്നാല്‍ രാകേഷ് ശര്‍മ്മയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നില്ല. അതിനാല്‍, ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്തതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടം ശുഭാംശു ശുക്ലയുടെ പേരിലായി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നുള്ള വിക്ഷേപണത്തിന് ശേഷം 28 മണിക്കൂര്‍ യാത്ര പൂര്‍ത്തിയാക്കിയാണ് 'ഗ്രേസ്' പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.