അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎൻഎ സാമ്പിളുമായാണ് യോജിച്ചത്.
രഞ്ജിതയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നും സംസ്കാരം നാളെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നാളെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തും. തുടർന്ന് പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം നടത്തും. വൈകിട്ടോടെ വീട്ടുവളപ്പിൽ വെച്ചായിരിക്കും സംസ്കാരം.
കേരളത്തിൽ സർക്കാർ ജോലിയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് രഞ്ജിത വിമാന അപകടത്തിൽപ്പെട്ടത്. എട്ട് മാസമായി ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സർക്കാർ ജോലിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയിൽ ജോലിയിൽ കയറാനായിരുന്നു രഞ്ജിത ഒരുങ്ങിയിരുന്നത്. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു രഞ്ജിതയുടെ യാത്രോദേശ്യം. വൃദ്ധയായ അമ്മ തുളസി, ചെറിയ കുട്ടികളായ ഇന്ദുചൂഡന്‍, ഇതിക എന്നീ മക്കളാണ് വീട്ടില്‍ രഞ്ജിതയ്ക്കുള്ളത്.
ഗോപകുമാരന്‍ നായര്‍- തുളസി ദമ്പതികളുടെ ഇളയമകളാണ് രഞ്ജിത. പന്തളത്ത് നഴ്‌സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്‌സിങ് ജോലി ആരംഭിക്കുന്നത്. അവിടെ നിന്നും ഒമാനിലേക്ക് പോയി. ഒമാനില്‍ നിന്നാണ് ബ്രിട്ടനിലേക്ക് ജോലി മാറുന്നത്. അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ ജോലി നേടിയ രഞ്ജിത, ദീര്‍ഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. രഞ്ജിതയ്ക്ക് രണ്ട് കുട്ടികളാണുള്ളത്. മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്, മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.