ചെന്നൈ: വിമാനങ്ങളുടെ ലാൻഡിങ് സമയത്ത് ലേസർ ലൈറ്റുകൾ അടിച്ച് പൈലറ്റുമാരുടെ കാഴ്ച തടസ്സപ്പെടുത്തുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളത്തിന് സമീപം പരിശോധന ശക്തമാക്കി പൊലീസ്. ഈ വർഷം ഇതുവരെ 25 തവണ ഇത്തരത്തിൽ ലേസർ പ്രയോഗം നടന്നതായാണ് പൈലറ്റുമാർ പരാതിപ്പെട്ടത്. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം 2024ൽ 70 പരാതികളും 2023ൽ 51 പരാതികളും ഇത്തരത്തിൽ ലഭിച്ചിരുന്നു.
ഏറ്റവുമൊടുവിൽ ജൂൺ പത്താം തീയ്യതിയാണ് ഇത്തരമൊരു സംഭവം നടന്നത്. പൂനെയിൽ നിന്ന് ചെന്നൈയിലെത്തിയ ഒരു യാത്ര വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് പച്ച നിറത്തിലുള്ള ലേസർ ലൈറ്റ് അജ്ഞാത സ്ഥലത്തുനിന്ന് പൈലറ്റിന് നേരെ അടിച്ചു. ഏതാനും സെക്കന്റ് നേരത്തേക്ക് പൈലറ്റിന്റെ കാഴ്ച ഇതിലൂടെ തടസ്സപ്പെടുകയും ചെയ്തു.എന്നാൽ വിമാനം സുരക്ഷിതമായിത്തന്നെ ലാൻഡ് ചെയ്തു. ആഴ്ചകൾക്ക് മുമ്പാണ് ദുബൈയിൽ നിന്നെത്തിയ രണ്ട് വിമാനങ്ങൾക്ക് നേരെ സമാനമായ തരത്തിൽ ലേസർ പ്രയോഗമുണ്ടായത്.ലാന്റിങ് സമയം ഏറെ നിർണായകമായതിനാൽ പൈലറ്റുമാരുടെ കാഴ്ച തടസ്സപ്പെടുത്താനും ശ്രദ്ധ തെറ്റിക്കാനും ലേസറുകൾ കൊണ്ട് കഴിയുമെന്നതിനാൽ ഇത് അടിയന്തിരമായി കണ്ടെത്തി തടയാൻ സാധിച്ചില്ലെങ്കിൽ വലിയ അപകടത്തിലേക്ക് പോകുമെന്നാണ് മുന്നറിയിപ്പ്.
പ്രധാനമായും സെന്റ് തോമസ് മൗണ്ട്, പല്ലവാരം പ്രദേശങ്ങളിൽ നിന്നാണ് ലേസർ ബുദ്ധിമുട്ടുകൾ ഉണ്ടാവാറുള്ളതെന്ന് പൈലറ്റുമാരുടെ മൊഴിയിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ രാത്രി സമയത്ത് കൂടുതൽ പരിശോധന തുടങ്ങി. എയർപോർട്ട് പരിസരത്ത് നിരീക്ഷണം നടത്തുന്നുണ്ടെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.