പഴയന്നൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പഴയന്നൂര്‍ ഭഗവതീക്ഷേത്രത്തിലെ കല്ലുകള്‍ പതിച്ച സ്വര്‍ണക്കിരീടം കാണാതായ സംഭവത്തില്‍ അനിശ്ചിതത്വം തുടരുന്നു. 15 ഗ്രാം തൂക്കമുള്ള കിരീടം കൊണ്ടുപോയത് എലിയാണോ അതോ കള്ളനാണോ എന്നതിന് ഇപ്പോഴും ഉത്തരമായിട്ടില്ല. കിരീടത്തിന് കനം കുറവായതുകൊണ്ടും ഇതു സൂക്ഷിച്ച കവര്‍ കീറിയനിലയില്‍ സൂക്ഷിച്ച സ്ഥലത്തുതന്നെ കണ്ടതുകൊണ്ടുമാണ് മോഷ്ടാവ് എലിയാണോ എന്ന സംശയം ഉയര്‍ന്നത്. മറ്റു സാധനങ്ങളൊന്നും മോഷണംപോയിട്ടുമില്ല.
വ്യാഴാഴ്ച ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ സി.എന്‍. ശിവദാസന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ദേവസ്വത്തിന് കൈമാറും.ക്ഷേത്രത്തിലെ പുതിയ ദേവസ്വം ഓഫീസര്‍ ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പണ്ടം, പാത്രം രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് കിരീടം കാണാനില്ലെന്ന് കണ്ടെത്തിയത്. പുതിയ ദേവസ്വം ഓഫീസറായി സച്ചിന് വര്‍മ ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായി ഗോള്‍ഡ് അപ്രൈസറെ എത്തിച്ച് കണക്കുകള്‍ തിട്ടപ്പെടുത്തിയപ്പോഴാണ് കിരീടം കാണാനില്ലെന്ന് മനസ്സിലായത്.
ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളിലെ പ്രധാന പ്രതിഷ്ഠയായ പള്ളിപ്പുറത്തപ്പ(വിഷ്ണു)ന്റെ കിരീടമാണ് നഷ്ടപ്പെട്ടതെന്നാണ് നിഗമനം. സച്ചിന്റെ പരാതിയെത്തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ഷീജയുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തില്‍ പരിശോധനകള്‍ ആരംഭിച്ചത്. നിലവില്‍ ക്ഷേത്രത്തിലെ ഓഫീസറായ ദിനേശന് 2023-ല്‍ ചാര്‍ജെടുക്കുമ്പോള്‍ രജിസ്റ്റര്‍ പരിശോധിച്ച് ബോധ്യപ്പെട്ട് ഒപ്പിട്ടിട്ടുണ്ട്. ചുറ്റമ്പലത്തിനുള്ളിലെ ലോക്കറില്‍ സൂക്ഷിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള മറ്റു ഉരുപ്പടികളൊന്നും നഷ്ടപ്പെട്ടില്ല. ദിനേശന് അവധിയെടുത്തപ്പോഴാണു പുതിയ ഓഫീസറെ നിയോഗിച്ചത്.2013 മുതല്‍ മാത്രമാണ് പണ്ടം, പാത്രം രജിസ്റ്ററില്‍ ഈ കിരീടത്തിന്റെ കണക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കിരീടം സാധാരണ ദിവസങ്ങളിലോ ഉത്സവത്തിനോ ഉപയോഗിക്കാറില്ലെന്നും ചുവന്ന രണ്ട് കല്ലുകള്‍ കിരീടത്തിലുണ്ടെന്നും ദിനേശന് പറഞ്ഞു.സംഭവത്തില്‍ ദേവസ്വം അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് കെ.പി. ശ്രീജയന്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.