ആലപ്പുഴ : സിപിഐ ജില്ലാ സമ്മേളനങ്ങൾക്കു നാളെ തുടക്കം. സംസ്ഥാന സമ്മേളനം നടക്കുന്ന ആലപ്പുഴയിലെ ജില്ലാ സമ്മേളനത്തിനു നാളെ കൊടിയുയരും. ആലപ്പുഴയിൽ അടുത്ത ജില്ലാ സെക്രട്ടറി ആരെന്ന ചർച്ച പാർട്ടിയിൽ സജീവമായി. സമ്മേളനത്തിനു ശേഷം ടി.ജെ.ആഞ്ചലോസ് തുടർന്നേക്കുമെങ്കിലും സംസ്ഥാന സമ്മേളനത്തിനു ശേഷം അദ്ദേഹം മാറി അസിസ്റ്റന്റ് സെക്രട്ടറി എസ്.സോളമൻ സെക്രട്ടറിയാകാനുള്ള സാധ്യത നേതാക്കൾ തള്ളുന്നില്ല.
സംസ്ഥാന സമ്മേളനത്തിൽ ആഞ്ചലോസിനെ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്താൻ സാധ്യത ഏറെയാണ്. സംസ്ഥാന എക്സിക്യൂട്ടീവിലുള്ളയാൾക്കു ജില്ലാ സെക്രട്ടറിയാകാൻ കഴിയില്ലെന്നതാണു പാർട്ടി രീതി. അതനുസരിച്ച് ആഞ്ചലോസ് സ്ഥാനമൊഴിഞ്ഞേക്കും. തുടർന്നു സെക്രട്ടറിയായി സോളമനെ സംസ്ഥാന എക്സിക്യൂട്ടീവ് നിർദേശിക്കാനും അതു ജില്ലാ കൗൺസിൽ അംഗീകരിക്കാനുമാണു സാധ്യത.ജില്ലാ സമ്മേളനത്തിൽ ആഞ്ചലോസ് ഒഴിഞ്ഞു സോളമനെ നിർദേശിച്ചാൽ എതിർപ്പുണ്ടാകുമെന്നാണു പാർട്ടിക്കുള്ളിൽനിന്നുള്ള വിവരം. മത്സരമുണ്ടായാൽ സോളമൻ ജയിക്കാൻ സാധ്യത കുറവുമാണ്. ഇത് ഒഴിവാക്കാനാണു സംസ്ഥാന സമ്മേളനം കഴിഞ്ഞു സ്ഥാനമാറ്റം നടത്താനുള്ള നീക്കമെന്ന് അറിയുന്നു.ജില്ലാ സെക്രട്ടറി സ്ഥാനത്ത് ആഞ്ചലോസ് രണ്ടര ടേം പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം.വി.സത്യനേശനു സെക്രട്ടറിയാകാനുള്ള പ്രായപരിധി കഴിഞ്ഞതിനാൽ അടുത്ത മുൻഗണന സോളമനാണ്. എന്നാൽ, സോളമനെ സെക്രട്ടറിയാക്കുന്നതു ജില്ലയിലെ പാർട്ടി നേതൃത്വത്തിലുള്ളവർ പൂർണമായി അംഗീകരിക്കുന്നില്ലെന്നാണു വിവരം.
നാളെ മുതൽ 29 വരെയാണു ജില്ലാ സമ്മേളനം. തർക്കത്തെ തുടർന്നു മാറ്റിവച്ച ആലപ്പുഴ മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് ഇന്നു ടിവി സ്മാരകത്തിൽ നടക്കും. ഇതിനായി മണ്ഡലം പ്രതിനിധി സമ്മേളനം വീണ്ടും ചേരും. സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാന പ്രകാരമാണു പ്രതിനിധി സമ്മേളനം വീണ്ടും നടത്തുന്നത്. സംസ്ഥാന എക്സിക്യൂട്ടീവ് പ്രതിനിധികളായി പി.സന്തോഷ് കുമാർ എംപിയും ആർ.രാജേന്ദ്രനും പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.