കോഴിക്കോട്: വിവാഹിതയാകുന്നത് ഐടി മേഖലയില്‍ പ്രമോഷന് ഉള്‍പ്പെടെയുളള കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ജീവനക്കാരുടെ തുറന്ന് പറച്ചില്. ഗര്‍ഭിണികളാകുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന രീതിയുമുണ്ട്. സംസ്ഥാന വനിതാ കമ്മീഷന് കോഴിക്കോട് സംഘടിപ്പിച്ച പബ്ലിക് ഹിയറിങ്ങിലായിരുന്നു ജീവനക്കാരുടെ തുറന്ന് പറച്ചില്.
വിവിധ തൊഴില്‍ മേഖലകളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷന് സംഘടിപ്പിക്കുന്ന ഹിയറിംഗിന്റെ ഭാഗമായി കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഐടി മേഖലയിലെ തൊഴില്‍ ചൂഷണത്തെക്കുറിച്ച് ജീവനക്കാര്‍ തുറന്ന് പറഞ്ഞത്. ഐടി മേഖലയില്‍ ജീവനക്കാര്‍ക്ക് പ്രസവാവധി ലഭിക്കുന്നത് അപൂര്‍വമെന്നും ലീവെടുത്ത ശേഷം തിരിച്ചുവന്നാല്‍ പഴയ പരിഗണന ലഭിക്കുന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. ഗര്‍ഭിണികളാകുന്നവരെ ചില കമ്പനികളെങ്കിലും പിരിച്ചുവിടേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.പ്രസവാവധി കാലത്തെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാകട്ടെ ചില കമ്പനികള്‍ തയാറല്ല.വിവാഹിതരാകുന്നത് ഉയര്‍ന്ന തസ്തികകളിലേക്ക് പ്രമോഷന് ലഭിക്കുന്നതിന് പലര്‍ക്കും തടസ്സമാണ്. ഇതുള്‍പ്പെടെ വനിത ജീവനക്കാര്‍ നേരിടുന്ന ചൂഷണം കണ്ടെത്തി പരിഹാരം കാണാന്‍ ഒട്ടുമിക്ക സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ ഉണ്ടെങ്കിലും ഇവ കൃത്യമായി ചേരുകയോ ഇവയെക്കുറിച്ച് വനിതാ ജീവനക്കാര്‍ക്ക് അവബോധം നല്‍കുകയോ ചെയ്യുന്നുമില്ലെന്നും ജീവനക്കാര്‍ പറയുന്നു.
കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ ഹോസ്റ്റല്‍ സൗകര്യമില്ലാത്തതും രാത്രി ജോലി കഴിഞ്ഞ് പോകുമ്പോള്‍ റോഡില്‍ വെളിച്ചമില്ലാത്തതും തെരുവ് നായ് ശല്യവും വലിയ പ്രതിസന്ധിയെന്നും ജീവനക്കാര്‍ പരാതിപ്പെട്ടു. ഇക്കാര്യത്തില്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി സതീദേവി ഉറപ്പുനല്‍കി. ജോലി സമ്മര്‍ദം പലപ്പോഴും താങ്ങാന്‍ കഴിയാറില്ലെന്നും അതിനാല്‍ സൈക്കോളജിസ്റ്റ്/ സോഷ്യല്‍ കൗണ്‍സിലറുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യവും ജീവനക്കാര്‍ ഉന്നയിച്ചു. ഇതിനുള്ള സൗകര്യം ഒരുക്കാമെന്ന് യുഎല്‍ സൈബര്‍ പാര്‍ക്ക് സിഒഒ ടി കെ കിഷോര്‍ കുമാര്‍ ഉറപ്പ് നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.