വരാണസി: റെയിൽവെയിൽ ടിടിഇ ചമഞ്ഞ് തട്ടിപ്പ് നടത്തുകയും യാത്രക്കാർക്ക് വ്യാജ ടിക്കറ്റുകൾ നൽകി കബളിപ്പിക്കുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി. മദ്ധ്യപ്രദേശിലെ റേവ സ്വദേശിയായ ആദർശ് ജെയ്സ്വാളാണ് പിടിയിലായത്. ഇയാളുടെ തട്ടിപ്പുകൾ സംബന്ധിച്ച് നിരവധി പരാതികൾ റെയിൽവെ പൊലീസിന് ലഭിച്ചിരുന്നു. ഈസ്റ്റ് സെൻട്രൽ റെയിൽവെയുടെ വ്യാജ തിരിച്ചറിയൽ കാർഡും ടിടിഇമാരുടെ ഏപ്രണും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
താൻ പ്രണയിച്ചിരുന്ന പെൺകുട്ടിയെ വിവാഹം ചെയ്യാൻ വേണ്ടിയാണ് ടിടിഇ ആയി വേഷം കെട്ടിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ബിടെക് പാസായെങ്കിലും ജോലി ഒന്നും ലഭിച്ചില്ല. ജോലി കിട്ടാതെ വിവാഹം ചെയ്യാൻ വീട്ടുകാർ സമ്മതിച്ചതുമില്ല. ഇതാണ് റെയിൽവെയിൽ ടിടിഇ ആയി വേഷമിടാൻ തീരുമാനിച്ചതിന് പിന്നിലെന്ന് ഇയാൾ വരാണസി റെയിൽവെ പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. സ്വന്തം ഗ്രാമത്തിലെ ഒരു ഇന്റർനെറ്റ് കഫേയിൽ നിന്നാണ് വ്യാജ ഐഡി കാർഡ് തയ്യാറാക്കിയത്. ഇതിന് പുറമെ വ്യാജ ടിക്കറ്റുകൾ നിർമിച്ച് നൽകി യാത്രക്കാരെ കബളിപ്പിക്കുകയും ചെയ്തു. ഒരിക്കൽ വരാണസിയിൽ നിന്ന് ലക്സറിലേക്കുള്ള ജനത എക്സ്പ്രസിലേക്ക് ഒരു യാത്രക്കാരിക്ക് ഇങ്ങനെ സ്വന്തമായി നിർമിച്ച ടിക്കറ്റ് നൽകി.ജ്യോതി കിരൺ എന്ന ഈ യാത്രക്കാരിയുടെ ടിക്കറ്റിൽ കോച്ച് നമ്പർ ബി-3 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സ്റ്റേഷനിലെത്തിയപ്പോഴാണ് അങ്ങനെയൊരു കോച്ച് ഇല്ലെന്നും കോച്ച് നമ്പർ എം-2 എന്നാണെന്നും മനസിലായത്. ഇതേ തുടർന്ന് ഇവരുടെ സഹോദരൻ പൊലീസിൽ പരാതി നൽകി.
മറ്റൊരു സംഭവത്തിൽ ദിനേഷ് യാദവ് എന്നൊരു യാത്രക്കാരന് മുംബൈയിലേക്ക് ഇ-ടിക്കറ്റ് എടുത്ത് കൊടുത്തതിലും ചില വ്യത്യാസങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ സംശയം പ്രകടിപ്പിച്ചു. രണ്ട് യാത്രക്കാരും പണം തിരികെ ആവശ്യപ്പെട്ട് ഇയാളുമായി തർക്കിച്ചു. വ്യാജ ടിക്കറ്റുകളുണ്ടാക്കി യാത്രക്കാരെ കബളിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.