നിലമ്പൂർ: വോട്ടെണ്ണലിനു ഒരുദിവസം ശേഷിക്കെ, എല്ലാവരും ചർച്ച ചെയ്യുന്ന കാര്യം ഒന്നുമാത്രം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ‘അൻവർ ഫാക്ടർ’ ഫലിക്കുമോ? പി.വി. അൻവറിന് അനുകൂലമായി പെട്ടിയിൽവീണ വോട്ടുകൾ ആരുടേതാകുമെന്നാണ് മുന്നണി നേതൃത്വങ്ങളുടെ ചർച്ച. ജയപരാജയങ്ങളും ഭൂരിപക്ഷവും തീരുമാനിക്കുന്നത് അൻവർ പിടിക്കുന്ന വോട്ടുകൾ ആശ്രയിച്ചായിരിക്കുമെന്ന കാര്യത്തിലും ആർക്കും സംശയമില്ല.അൻവറിന് മണ്ഡലത്തിലുള്ള സ്വാധീനം എഴുതിത്തള്ളാനാവില്ല. അൻവറിന്റെ ഭാഷയിൽ, ‘നടന്നുനേടിയ പിന്തുണ’യാണ് അദ്ദേഹത്തിന്റെ വോട്ടുകളുടെ സ്രോതസ്സ്. മണ്ഡലത്തിലെ ഓരോ വീട്ടിലും തന്നെ പിന്തുണയ്ക്കുന്ന ഒരാളെങ്കിലുമുണ്ടെന്നും അവരാണ് തന്റെ നിശബ്ദ പ്രചാരകരെന്നും കഴിഞ്ഞദിവസം അൻവർ അവകാശപ്പെടുന്നു.
പി.വി. അൻവർ പിടിക്കുന്ന വോട്ടുകളിലധികവും എൽഡിഎഫിന്റേതായിരിക്കുമെന്നാണ് യുഡിഎഫിന്റെ വിശ്വാസം. 15,000 വോട്ടുകൾ അൻവർ പിടിച്ചാലും ഏറ്റവും ചുരുങ്ങിയത് ആര്യാടൻ ഷൗക്കത്തിന് 5000 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് ഒടുവിലത്തെ കണക്കുകൂട്ടൽ. എത്രവോട്ട് അൻവർ നേടിയാലും ഷൗക്കത്തിന് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന യുഡിഎഫ് നേതാക്കളുമുണ്ട്.ഷൗക്കത്ത് വിജയിക്കണമെന്നും എന്നാൽ ഭൂരിപക്ഷം കുറവായിരിക്കണമെന്നുമാണ് അൻവറിന്റെയും ആഗ്രഹം. താനല്ല ജയിക്കുന്നതെങ്കിൽ ‘ഒളിഞ്ഞ പിണറായി’ ജയിക്കുന്നതാകും നല്ലതെന്നാണ് ശനിയാഴ്ചത്തെ പത്രസമ്മേളനത്തിൽ അൻവർ പറഞ്ഞത്.
യുഡിഎഫ് കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചാൽ തന്റെ എതിർപ്പ് ഫലംകണ്ടുവെന്ന് യുഡിഎഫ് നേതൃത്വത്തിന് മനസ്സിലാകുമെന്നും അൻവർ കരുതുന്നു. ഭരണകക്ഷി എംഎൽഎയായിരിക്കെ, മണ്ഡലത്തിൽ പലരേയും അൻവർ വ്യക്തിപരമായും അല്ലാതെയും സഹായിച്ചിട്ടുണ്ടാകാം. അതെല്ലാം അൻവറിനുള്ള വോട്ടുകളായി മാറാമെന്നും യുഡിഎഫ് ക്യാമ്പ് ചിന്തിക്കുന്നുണ്ട്.ഉപതിരഞ്ഞെടുപ്പിൽ സ്വരാജ് ഒരു ഘടകമായില്ലെന്നാണ് ലീഗിലെ ചില നേതാക്കളുടെ വികാരം. ഒൻപതുവർഷത്തെ ഇടതുഭരണത്തിന്റെ സ്വാധീനം നിലമ്പൂർ മേഖലയ്ക്കുവേണ്ടി ഉപയോഗിക്കാൻ സ്വരാജിനായില്ലെന്നാണ് ഇവരുടെ വാദം. മണ്ഡലത്തിൽ വ്യക്തിപരമായ ബന്ധങ്ങളില്ലാത്തതും പാർട്ടിക്കാരിൽത്തന്നെ പലർക്കും സ്വീകാര്യനല്ലെന്നതും അവർ ചൂണ്ടിക്കാണിക്കുന്നു.
മണ്ഡലത്തിൽ പാർട്ടി ഘടകം നിർജീവമായത് സ്വരാജിന്റെ സാധ്യതകൾ കുറയ്ക്കുന്നുണ്ടെന്ന് ഇടതുകേന്ദ്രങ്ങളിൽത്തന്നെ അഭിപ്രായമുണ്ട്. പാർട്ടി വളർത്താതെ അൻവറിന് അടിയറവു പറഞ്ഞത് പിന്നീട് വിനയായി. സ്വരാജിന്റെ വ്യക്തിപ്രഭാവം മണ്ഡലം അഗീകരിക്കുമോ എന്നറിയാനുള്ള അവസരം കൂടിയായാണ് അവർ ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.എന്നാൽ പോത്തുകല്ല്, കരുളായി, അമരമ്പലം, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ വലിയ നേട്ടം കൊയ്യാനാകുമെന്നാണ് എൽഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ, ഭരണവിരുദ്ധ വികാരമില്ലെന്നും അൻവറിനു ലഭിക്കുന്ന വോട്ടുകളധികവും യുഡിഎഫിൽ നിന്നാകും പോകുകയെന്നും എൽഡിഎഫ് നേതൃത്വം കരുതുന്നു. ഉറച്ച വോട്ടുകൾക്കൊപ്പം നിക്ഷ്പക്ഷ വോട്ടുകളും അവർ പ്രതീക്ഷിക്കുന്നു.പുതുതലമുറ സ്വരാജിനൊപ്പമാണെന്ന കണ്ടെത്തലും പ്രതീക്ഷയ്ക്കു വകനൽകുന്നു. ഷൗക്കത്ത് വിരുദ്ധ വോട്ടുകളായിരിക്കും അൻവറിന് കൂടുതലും പോകുകയെന്നും എൽഡിഎഫ് ക്യാമ്പ് കരുതുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.