തെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ മുൻ സൈനിക മേധാവി കൊല്ലപ്പെട്ടതിനെ തുടർന്ന് റവല്യൂഷണറി ഗാർഡിന്റെ പുതിയ ഇൻ്റലിജൻസ് മേധാവിയെ ഔദ്യോഗിക നിയമിച്ച് ഇറാൻ. ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെയാണ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ പുതിയ തലവനായി നിയമിച്ചിരിക്കുന്നത്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) കമാൻഡറായ മേജർ ജനറൽ മുഹമ്മദ് പക്പൂർ ആണ് പുതിയ സൈനികരുടെ നിയമനം പ്രഖ്യാപിച്ചത്. ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജൂൺ 15നാണ് ഇസ്രയേൽ ആക്രമണത്തെ തുടർന്ന് മുൻ സൈനിക മേധാവി മുഹമ്മദ് കസെമി, റവല്യൂഷണറി ഗാർഡ് ഓഫീസറായ ഹസ്സൻ മൊഹാഗെഗ്, മൊഹ്‌സെൻ ബാഗേരി എന്നിവർ കൊല്ലപ്പെടുന്നത്. മുഹമ്മദ് കസെമിയ്ക്ക് പകരകാരനായാണ് മജീദ് ഖദാമിയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇസ്രയേൽ ആക്രമണത്തെ തുടർന്ന് മുൻ ഐആര്‍ജിസി കമാൻഡർ ജൂൺ 13 ന് കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരകാരനായി മേജർ ജനറൽ മുഹമ്മദ് പക്പൂർ പുതിയ മേധാവിയായി ചുമതലയേറ്റിരുന്നു.
കമാൻഡർമാരായ കസെമിയും മൊഹാഗെക്കും ഐആർജിസി ഇൻ്റലിജൻസിനെ നയിച്ച വർഷങ്ങളിൽ ഇൻ്റലിജൻസിൻ്റെ എല്ലാ മേഖലകളിലും ഗണ്യമായ വളർച്ചയ്ക്കാണ് ഇറാൻ സാക്ഷ്യം വഹിച്ചതെന്ന് മേജർ ജനറൽ മുഹമ്മദ് പക്പൂർ പറഞ്ഞു. ഇറാനിയൻ തലസ്ഥാനമായ തെഹ്റാനിൽ ഐആർജിസി ഇന്റലിജൻസ് ഓർഗനൈസേഷൻ കെട്ടിടം ഇസ്രയേൽ ആക്രമിച്ചതിനെത്തുടർന്നാണ് കസെമിയും മൊഹാഗെഗും കൊല്ലപ്പെട്ടതെന്നും മുഹമ്മദ് പക്പൂർ വ്യക്തമാക്കി.നേരത്തെ ഇറാനിയൻ പ്രതിരോധ മന്ത്രാലയത്തിലെ ഇൻ്റലിജൻസ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ്റെ തലവനായി ജനറൽ മജീദ് ഖദാമി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 മുതൽ 2022 വരെ ഇറാനിയൻ പ്രതിരോധ മന്ത്രാലയത്തിൻ്റെയും സായുധ സേനാ സപ്പോർട്ടിൻ്റെയും ഇൻഫർമേഷൻ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ്റെ തലവനായും ഖദാമി പ്രവർത്തിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ദി ന്യൂ അറബ് റിപ്പോർട്ട് പ്രകാരം, 63 വയസ്സുള്ള മുഹമ്മദ് കസെമി ഹജ്ജ് കാസിം എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. 63 വയസ്സുള്ള കസെമി ഇറാനിലെ ഏറ്റവും പ്രമുഖ സൈനികരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. സെംനാനിൽ ജനിച്ച കസെമി 2013 മുതൽ ഐആർജിസിയുടെ ഇന്റലിജൻസ് പ്രൊട്ടക്ഷൻ ഓർഗനൈസേഷന്റെ മേധാവിയായിരുന്നു. 2024 ൽ ഇസ്രയേലി പൗരന്മാർക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് അമേരിക്ക അദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഐആർജിസി കമാൻഡർ-ഇൻ-ചീഫ് ഹൊസൈൻ സലാമി, ആർമി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ മുഹമ്മദ് ബാഗേരി, ഖതം അൽ-അൻബിയ ബേസ് കമാൻഡർ മേജർ ജനറൽ ഘോളമാലി റാഷിദ് എന്നിവരുൾപ്പെടെ നിരവധി ഉന്നത ഇറാനിയൻ വ്യക്തികൾ സമീപ ആഴ്ചകളിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.