ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവുമുയർന്ന സമ്മാനത്തുക നൽകിയിരുന്ന ജെസിബി സാഹിത്യപുരസ്‌കാരം നിർത്തിയെന്ന് റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും പുരസ്‌കാരവുമായി ബന്ധപ്പെട്ട ചിലർ വാർത്താ ഏജൻസിയോട് ഇക്കാര്യം വ്യക്തമാക്കി.സാധാരണനിലയിൽ ഓരോ വർഷവും മാർച്ച് ആദ്യവാരത്തോടെ പുരസ്‌കാരത്തിനായി കൃതികൾ ക്ഷണിക്കാറുള്ളതാണ്. ഇത്തവണ അതുണ്ടായില്ല. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലും അറിയിപ്പുകളൊന്നുമില്ല.
2018-ൽ ആരംഭിച്ച ജെസിബി സാഹിത്യപുരസ്‌കാര ജേതാക്കൾക്ക് 25 ലക്ഷം രൂപയായിരുന്നു സമ്മാനം. ഇന്ത്യക്കാരുടെ ഇംഗ്ലീഷിലുള്ള കൃതികൾക്കോ ഇംഗ്ലീഷിലേക്കുള്ള വിവർത്തനകൃതികൾക്കോ ആണ് പുരസ്‌കാരം നൽകിയിരുന്നത്. പ്രഥമപുരസ്‌കാരം മലയാളി എഴുത്തുകാരൻ ബെന്യാമിനായിരുന്നു. ബെന്യാമിന്റെ ‘മുല്ലപ്പൂനിറമുള്ള പകലുകൾ’ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനമാണ് ബഹുമതിക്കർഹമായത്.
പിന്നീട്, 2020-ൽ ‘മീശ’ നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിലൂടെ എസ്. ഹരീഷും 2021-ൽ ‘ദൽഹി ഗാഥകൾ’ നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിലൂടെ എം. മുകുന്ദനും പുരസ്‌കാരം നേടി. കഴിഞ്ഞവർഷം ഇംഗ്ലീഷ് എഴുത്തുകാരൻ ഉപമന്യു ചാറ്റർജിക്കായിരുന്നു പുരസ്‌കാരം. മലയാളം സാഹിത്യകാരി സന്ധ്യാ മേരിയുടെ ‘മരിയ വെറും മരിയ’ നോവലിന്റെ ഇംഗ്ലീഷ് വിവർത്തനവും ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
ജെസിബി സാഹിത്യപുരസ്‌കാരം നൽകുന്നതിനെതിരേ കഴിഞ്ഞവർഷം വിമർശനവുമുയർന്നിരുന്നു. അതിനുപിന്നാലെയാണ് പുരസ്‌കാരം നിർത്തിയെന്ന റിപ്പോർട്ടുകളെന്നതും ശ്രദ്ധേയമാണ്.ഇന്ത്യയിലും പലസ്തീനിലുമടക്കം ജെസിബി യന്ത്രങ്ങൾ നശീകരണ ഉപാധിയായിമാറുകയാണെന്നും സാഹിത്യസമ്മാനംകൊണ്ട് ജെസിബിയുടെ കൈകളിലെ ചോരക്കറ മായില്ലെന്നും സൂചിപ്പിച്ച് നൂറിലേറെ എഴുത്തുകാർ തുറന്ന കത്തെഴുതുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.