ബത്തേരി: കോഴിക്കോടുനിന്നു കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയിൽനിന്നു കണ്ടെടുത്ത സംഭവത്തിൽ ബത്തേരി കൈവട്ടമൂലയിലെ വീടു കേന്ദ്രീകരിച്ചും അന്വേഷണം. ഹേമചന്ദ്രനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളായ നൗഷാദ് 2 വർഷത്തോളം കൈവശം വച്ച വീടാണിത്. ഹേമചന്ദ്രൻ ഈ വീട്ടിൽ നൗഷാദിനൊപ്പം വന്നിരുന്നതായാണ് പ്രദേശത്തെ ചിലർ വെളിപ്പെടുത്തുന്നത്. ഹേമചന്ദ്രനെ കൊലപ്പെടുത്തി ചേരമ്പാടി വനത്തിൽ കുഴിച്ചിടുന്നതിനു മുൻപ് ഈ വിട്ടിൽ എത്തിച്ചിരുന്നോ എന്നും ഇവിടെ വച്ചായിരുന്നോ കൊലപാതകമെന്നും പരിശോധിക്കുന്നുണ്ട്.
വീട്ടിൽ താമസിച്ചിരുന്ന കുടുംബം ജോലിയുമായി ബന്ധപ്പെട്ട് മലപ്പുറത്തായതിനാൽ അയൽവാസിയായ നൗഷാദിന്റെ കൈവശം താക്കോൽ നൽകി വീട് നോക്കാൻ ഏൽപ്പിക്കുകയായിരുന്നത്രെ. 2 വർഷത്തോളം നൗഷാദിന്റെ കൈവശമായിരുന്നു വീട്. 3 മാസം മുൻപ് വീട്ടുടമസ്ഥരുടെ മാതാപിതാക്കൾ കൈവട്ടമൂലയിലെ വീട്ടിലെത്തി താമസം തുടങ്ങി. അതിനു ശേഷം ഒരു മാസം കഴിഞ്ഞപ്പോൾ നൗഷാദ് ഗൾഫിൽ പോവുകയും ചെയ്തു. 5 സെന്റിൽ 3 കിടപ്പു മുറികളുള്ള വീടാണിത്.
സംഭവത്തിൽ പ്രതികളുമായി കൂട്ടു ചേർന്ന രണ്ടു യുവതികൾക്കെതിരേയും അന്വേഷണം വ്യാപിപ്പിക്കുമെന്നു പൊലീസ് ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രൻ പറഞ്ഞു. ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്നു കണ്ടെത്തിയെങ്കിലും എങ്ങനെ കൊലപ്പെടുത്തിയെന്നും കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നു അന്വേഷിക്കുന്നുണ്ട്. ഇതിനായി നേരത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ബത്തേരി സ്വദേശി നൗഷാദിനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നു ഡിസിപി പറഞ്ഞു. കൊലപാതകമാണെന്നു പൊലീസ് സംശയിച്ചതോടെ രണ്ടു മാസം മുൻപ് സൗദിയിലേക്ക് മുങ്ങിയ നൗഷാദിനെ ഉടൻ കോഴിക്കോട് എത്തിക്കുമെന്നു ഡിസിപി പറഞ്ഞു. ഊട്ടിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സ്ഥലത്തെ കാലാവസ്ഥ വ്യതിയാനം കൊണ്ടു 40 ശതമാനം മാത്രം അഴുകിയ മൃതദേഹം ഹേമചന്ദ്രന്റേതെന്നു തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. 4 ദിവസത്തിനു ശേഷം റിപ്പോർട്ട് ലഭിക്കും. പൊലീസ് നടപടി പൂർത്തിയായതിനു ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കൂ.
അറസ്റ്റിലായ ബത്തേരി നെന്മേനി പാലാക്കുനി സ്വദേശി ജ്യോതിഷ് കുമാർ(35), വള്ളുവാടി കിടങ്ങനാട് സ്വദേശി അജേഷ് (27) എന്നിവരെ കൊലപാതകത്തിനു പ്രേരിപ്പിച്ചത് വിദേശത്തുള്ള നൗഷാദാണെന്നു പൊലീസ് പറഞ്ഞു. ഇയാൾ ഹേമചന്ദ്രനെ സ്ത്രീകളെ ഉപയോഗിച്ചാണ് കെണിയിൽ വീഴ്ത്തിയതെന്നു വ്യക്തമായിട്ടുണ്ട്. ഇതിനായി കണ്ണൂർ, ഗൂഡല്ലൂർ മേഖലയിലെ 2 സ്ത്രീകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.നൗഷാദിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തശേഷമേ സ്ത്രീകൾക്കെതിരെ പൊലീസ് നടപടിയെടുക്കൂ. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നും എസിപി എ.ഉമേഷ്, അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ.ജിജീഷ് എന്നിവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.