ന്യൂഡൽഹി: രാജ്യത്ത് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർക്ക് സമീപ ഭാവിയിൽ ലജ്ജ തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അത്തരമൊരുകാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പ്രസ്താവന.രാജ്യത്തിന്റെ ഭാഷ രാജ്യത്തിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്. വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകണം. ഭാഷാ പരിഷ്കരണം അനിവര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് തെക്കേ ഇന്ത്യയില്‍ നിന്നുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപണം ഉന്നയിക്കവേയാണ് അമിത് ഷായുടെ പരാമർശമെന്നതും ശ്രദ്ധേയമാണ്.
'ഈ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് സമീപ ഭാവിയിൽ ലജ്ജ തോന്നും. അങ്ങനെയൊരു സമൂഹം രൂപപ്പെടാൻ അധികദൂരമില്ല. നമ്മുടെ രാജ്യത്തെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ രത്നങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലാതെ നമ്മൾ യഥാർത്ഥ ഇന്ത്യക്കാരല്ലാതായിത്തീരും", അമിത് ഷാ പറഞ്ഞു.
''നമ്മുടെ രാജ്യം, നമ്മുടെ സംസ്കാരം, ചരിത്രം, നമ്മുടെ മതം എന്നിവ മനസ്സിലാക്കാൻ ഒരു വിദേശ ഭാഷയും മതിയാകില്ല. ഈ പോരാട്ടം എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, പക്ഷേ ഇന്ത്യൻ സമൂഹം അതിൽ വിജയിക്കുമെന്ന് എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട്. ഒരിക്കൽ കൂടി, ആത്മാഭിമാനത്തോടെ പറയാം, നമ്മൾ നമ്മുടെ സ്വന്തം ഭാഷകളിൽ നമ്മുടെ രാജ്യത്തെ ഭരിക്കും, ലോകത്തെ നയിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഡിസംബർ മുതൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളുമായി അവരുടെ മാതൃഭാഷകളിൽ ആശയവിനിമയം നടത്തുമെന്ന് അമിത് ഷാ ഈ വർഷം ആദ്യം പറഞ്ഞിരുന്നു. ഭാഷയുടെ പേരിൽ രാജ്യത്ത് മതിയായ വിഭജനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് ഇനിയും സംഭവിക്കാൻ പാടില്ലെന്നുമായിരുന്നു അന്ന് നൽകിയ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.