കണ്ണൂർ : യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കോളടിച്ച് കണ്ണൂർ രാജ്യാന്തര വിമാനത്താവളം. കഴിഞ്ഞ സാമ്പത്തികവർഷത്തെ വരുമാനം 93 ശതമാനവും യാത്രക്കാരുടെ എണ്ണം 27 ശതമാനവും വർധിച്ചു. 13.4 ലക്ഷം യാത്രക്കാരാണ് 2024-25 വർഷം കണ്ണൂർ വിമാനത്താവളം വഴി യാത്രചെയ്തത്. ആകെ 11,430 വിമാനസർവീസുകളാണ് നടത്തിയത്. 195 കോടി രൂപയുടെ വരുമാനമാണ് 2024-25 വർഷത്തിൽ കിയാലിനുണ്ടായത്. 101 കോടി രൂപയായിരുന്നു 2023-24 വർഷത്തെ വരുമാനം.
ഈ സാമ്പത്തികവർഷവും യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ട്. ഏപ്രിലിൽ 1.38 ലക്ഷം പേരും മേയിൽ 1.48 ലക്ഷം പേരും കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തു. ഏപ്രിലിൽ മുൻ വർഷത്തെക്കാൾ 39 ശതമാനത്തിന്റെ വർധന യാത്രക്കാരുടെ എണ്ണത്തിലുണ്ടായി. ഏപ്രിലിൽ 20 കോടിയും മേയിൽ 21 കോടിയുമാണ് കിയാലിന്റെ വരുമാനം. ഈ സാമ്പത്തിക വർഷം 20 ലക്ഷം യാത്രക്കാരും 250 കോടി രൂപ വരുമാനവുമാണ് കിയാൽ ലക്ഷ്യമിടുന്നത്. രാജ്യാന്തര സർവീസുകളുടെ എണ്ണത്തിൽ 32 ശതമാനവും ചരക്കുനീക്കത്തിൽ 25 ശതമാനവും വർധനയുണ്ടായി. ആകെ 4150 ടൺ ചരക്കുനീക്കമാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്.
ഒരുവർഷത്തിനിടെ ഒട്ടേറെ പുതിയ സർവീസുകളാണ് കണ്ണൂരിൽ തുടങ്ങിയത്. ഡൽഹി, ഫുജൈറ, മസ്കത്ത്, ദമാം എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസുകൾ തുടങ്ങി. മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ തുടങ്ങി. കൂടുതൽ സർവീസുകൾ തുടങ്ങാനായി ആകാശ് എയർ, സ്പൈസ് ജെറ്റ്, എയർ കേരള, അൽഹിന്ദ് എയർ, സ്പിരിറ്റ് എയർ തുടങ്ങിയ കമ്പനികളുമായി ചർച്ച പുരോഗമിക്കുകയാണ്. എയർപോർട്സ് കൗൺസിൽ ഇന്റർനാഷണൽ 2024ൽ നടത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേയിൽ ഏഷ്യ-പസിഫിക് മേഖലയിലെ മികച്ച വിമാനത്താവളമായി കണ്ണൂർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 20 ലക്ഷം യാത്രക്കാരിൽ കുറവുള്ള വിമാനത്താവളങ്ങളുടെ വിഭാഗത്തിലായിരുന്നു കിയാലിന്റെ നേട്ടം.
പരമാവധി സർവീസുകൾ തുടങ്ങും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പരമാവധി സർവീസുകൾ തുടങ്ങാനുള്ള ശ്രമത്തിലാണെന്ന് കിയാൽ സീനിയർ മാനേജർ ടി. അജയകുമാർ മനോരമ ഓൺലൈനോട് പറഞ്ഞു. വിദേശത്തേക്കുൾപ്പെടെ പുതിയ സർവീസുകൾ തുടങ്ങുന്നതിന് വിമാനക്കമ്പനികളുമായി ചർച്ച പുരോഗമിക്കുകയാണ്. പോയിന്റ് ഓഫ് കോൾ പദവി കിട്ടുന്നതോടെ വിദേശ വിമാനക്കമ്പനികളും സർവീസ് തുടങ്ങും. കൂടുതൽ സർവീസുകൾ ആരംഭിക്കാനായതോടെയാണ് യാത്രക്കാർ കൂടിയത്. 4 മെഗാവാട്ടിന്റെ സോളാർ വൈദ്യുതി പദ്ധതി നടപ്പാക്കാൻ പോകുകയാണ്. കൂടാതെ മറ്റു നിരവധി പദ്ധതികളുടെയും ആസൂത്രണം നടക്കുകയാണെന്നും അജയകുമാർ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.