ഇടുക്കി: കുവൈത്തിൽ തൊഴിൽ തട്ടിപ്പിനിരയായ ജിനു തിങ്കളാഴ്ച ഉച്ചയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. കിലോമീറ്ററുകൾ സഞ്ചരിച്ച് ഇടുക്കി അണക്കരയിലെ വീട്ടിലെത്തിയപ്പോഴാണ്, ഒരാഴ്ച മുൻപ് മകൻ ഷാനറ്റ് ബൈക്ക് അപകടത്തിൽ മരിച്ചത് ജിനു അറിഞ്ഞത്. മകന്റെ വിയോഗവാർത്ത താങ്ങാനാകാതെ ജിനു നെഞ്ചുപൊട്ടിക്കരഞ്ഞു. കണ്ടുനിന്നവർക്കും കണ്ണീരടക്കാനായില്ല.
രണ്ടരമാസംമുമ്പ് കുവൈത്തിലെ ഒരു വീട്ടിൽ ജോലിക്ക് പോയതാണ് ജിനു. ജോലിഭാരവും ആരോഗ്യപ്രശ്‌നങ്ങളുംമൂലം തുടരാൻ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനംചെയ്ത ശമ്പളവും കിട്ടിയില്ല. ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരുസ്ഥലത്ത് തടവിലാക്കി. കുവൈത്ത് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽനിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിലെത്തി. കോടതി നടപടികൾക്കുശേഷം തടങ്കലിലായിരുന്നു.
ജൂൺ 17-ന് ജിനുവിന്റെ മകൻ ഷാനറ്റും സുഹൃത്ത് കൊടുവേലിക്കുളത്ത് അലനും ബൈക്കപകടത്തിൽ മരിച്ചു. രണ്ടുദിവസത്തിനകം അലന്റെ സംസ്കാരം നടന്നു. എന്നാൽ, അമ്മ എത്താത്തതിനാൽ ഷാനറ്റിന്റെ സംസ്കാരം നടത്താനായില്ല.ഇതിനിടെ ജിനുവിന് താത്കാലിക പാസ്പോർട്ട് കിട്ടി. എന്നാൽ, ഇറാൻ-ഇസ്രായേൽ സംഘർഷവും കോവിഡ് പ്രതിസന്ധിയും കാരണം നാട്ടിലേക്കുള്ള യാത്ര വൈകി. അതിനാൽ ഷാനറ്റിൻറെ സംസ്കാരവും നീണ്ടു പോകുകയായിരുന്നു. വിവിധ രാഷ്ട്രീയനേതാക്കൾ ഇടപെട്ടതോടെയാണ് തിങ്കളാഴ്ച നാട്ടിലെത്താനായത്.
പ്രിയപ്പെട്ട മക്കൾ ഇനിയില്ലെന്ന യാഥാർഥ്യം വിശ്വസിക്കാനാകാതെ സങ്കടം കടിച്ചമർത്തി വീട്ടുമുറ്റത്ത് തളർന്നിരുന്ന ഷാനറ്റിന്റെ അച്ഛൻ വെള്ളറയിൽ ഷൈജുവും അലന്റെ അച്ഛൻ ഷിബുവും എല്ലാവർക്കും നൊമ്പരമായി. ഷാനറ്റിന്റെ മൃതദേഹം കട്ടപ്പനയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിക്കും. സംസ്‌കാരം നാലിന് ഒലിവുമല സെയ്ന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.