ചെന്നൈ ∙ ലഹരി ഇടപാട് കേസിൽ ശ്രീകാന്തിനു പിന്നാലെ നടൻ കൃഷ്ണയും അറസ്റ്റിലായി. നേരത്തേ അറസ്റ്റിലായ കെവിൻ എന്നയാളിൽ നിന്നു കൃഷ്ണ കൊക്കെയ്ൻ വാങ്ങി ഉപയോഗിച്ചതായും സുഹൃത്തുക്കൾക്ക് കൈമാറിയതായും വ്യക്തമായതോടെയാണ് അറസ്റ്റ്. ലഹരി ഉപയോഗിക്കുന്നവരുടെ വാട്സാപ് ഗ്രൂപ്പുകളിൽ നടൻ സജീവമാണെന്നും ലഹരി ഉപയോഗിച്ച വിവരം ഗ്രൂപ്പിൽ പങ്കുവച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കൃഷ്ണ ലഹരി പാർട്ടികളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നു ശ്രീകാന്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കേരളത്തിൽ ഷൂട്ടിങ്ങിലായിരുന്ന താരത്തെ ബുധനാഴ്ചയാണു തൗസൻഡ് ലൈറ്റ്സ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നു മണിക്കൂറുകളോളം ചോദ്യംചെയ്യുകയും ബസന്റ് നഗറിലെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു.
ലഹരി ഉപയോഗിച്ചിട്ടില്ലെന്നും മരുന്നുകൾ കഴിക്കുന്നുണ്ടെന്നുമാണ് കൃഷ്ണ പൊലീസിനോട് പറഞ്ഞത്. എന്നാൽ ലഹരി വിൽപനക്കാരെ ബന്ധപ്പെടുന്നതിനുള്ള കോഡ് വാക്കുകൾ നടന്റെ ഫോണിൽനിന്നു പൊലീസിനു ലഭിച്ചു.
കെവിനുമായി നടത്തിയ പണമിടപാടുകളും കണ്ടെത്തി.സംവിധായകൻ വിഷ്ണുവർധന്റെ സഹോദരനായ കൃഷ്ണ 20ലേറെ സിനിമകളിലും ഏതാനും ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ 5 പേരാണ് പിടിയിലായത്. മുൻ അണ്ണാഡിഎംകെ നേതാവ് പ്രസാദ്, ഘാന സ്വദേശി ജോൺ, പ്രദീപ് എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. കൃഷ്ണയെ ജൂലൈ 10 വരെ റിമാർഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.