വൈപ്പിൻ ∙ കടലിൽ തിരയിളക്കം, പുഴയിലും ചെമ്മീൻ കെട്ടുകളിലും വെള്ളപ്പൊക്കം. വല നീട്ടാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ. പ്രാദേശിക വിപണിയിൽ മീനിന് ക്ഷാമവും വിലക്കയറ്റവും. ബോട്ടുകൾ കടലിൽ നിന്ന് വിട്ടു നിൽക്കുന്ന ഈ സമയത്ത് പരമ്പരാഗത വള്ളങ്ങൾക്ക് മീൻ കൊയ്ത്ത് ലഭിക്കേണ്ടതാണെങ്കിലും ദിവസങ്ങളായി തുടരുന്ന കടൽക്ഷോഭം മൂലം പണിക്കിറങ്ങാൻ കഴിയുന്നില്ല.
മുൻ വർഷങ്ങളിൽ ഈ സമയത്ത് ചാള സുലഭമായി ലഭിച്ചു തുടങ്ങിയിരുന്നുവെങ്കിൽ ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്. ചാളവില കിലോഗ്രാമിന് 300 രൂപയിലേക്ക് അടുക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചാളയാവട്ടെ ഗുണനിലവാരത്തിലും രുചിയിലും പിന്നിലുമാണ്. മഴയും കനത്ത വേലിയേറ്റവും മൂലം പുഴയും ചെമ്മീൻകെട്ടുകളും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്.
കാലാവസ്ഥ മോശമായതിനാൽ ഒരു വിഭാഗം തൊഴിലാളികൾ പണിക്കിറങ്ങുന്നില്ല. പോകുന്നവർക്കാവട്ടെ ചരക്ക് കുറവും. പലർക്കും ആകെ കിട്ടുന്നത് കരിമീനാണ്.കെട്ടുകളിലും കരിമീൻ സാന്നിധ്യമുണ്ട്. പക്ഷേ മാർക്കറ്റിൽ എത്തുമ്പോഴേക്കും മുഴുത്ത കരിമീനിന്റെ വില കിലോഗ്രാമിന് 700 രൂപ വരെയായി ഉയരുന്നു. ആ വിലയ്ക്ക് വാങ്ങി ഉപയോഗിക്കാൻ കഴിയാത്തതിനാൽ സാധാരണക്കാർ കറി ആവശ്യത്തിന് മീൻ സംഘടിപ്പിക്കാൻ ചൂണ്ടയുമായി ഇറങ്ങുന്ന സ്ഥിതിയാണ്.
ഏതു വിധത്തിലും മീൻ സംഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുറത്തു നിന്നുള്ളവർ ചെമ്മീൻകെട്ടുകളിൽ നിരോധിത വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് മുതിരുന്നതായുള്ള പരാതിയും വ്യാപകമാണ്. ആലുവ, പറവൂർ, അങ്കമാലി, പെരുമ്പാവൂർ, തൃശൂർ, അഴീക്കോട് തുടങ്ങിയ സ്‌ഥലങ്ങളിൽ നിന്നുള്ള ചില്ലറ വിൽപനക്കാർ കച്ചവടത്തിനായി മീൻ വാങ്ങുന്നത് വൈപ്പിനിൽ നിന്നായതിനാൽ ഇവിടെ മത്സ്യ ലഭ്യത കുറഞ്ഞത് ഈ സ്‌ഥലങ്ങളിലും ക്ഷാമത്തിനിടയാക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.