ന്യൂഡല്‍ഹി: പിഎഫ് അംഗങ്ങളുടെ മിനിമം പെന്ഷന് ആയിരത്തില്‍നിന്ന് 7500 രൂപയാക്കാന്‍ പോകുന്നുവെന്നും ആക്കിയെന്നുമുള്ള വാര്‍ത്ത പരന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതവരുത്തി ഇപിഎഫ്ഒ. അങ്ങനെയൊരു സംഭവമേയില്ലെന്ന് വിവരാവകാശ മറുപടിയില്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് വ്യക്തമാക്കി.
ജീവനക്കാരില്‍നിന്ന് വാങ്ങുന്ന വിഹിതത്തെ അടിസ്ഥാനമാക്കിയാണ് പിഎഫ് പെന്ഷന്. മിനിമം പെന്ഷന് ആയിരം രൂപയാക്കിയത് കേന്ദ്രബജറ്റിന്റെ പിന്തുണയോടെയാണ്. മിനിമം പെന്ഷന് 2000 രൂപയാക്കണമെന്ന ഉന്നതാധികാര നിരീക്ഷണസമിതിയുടെ ശുപാര്‍ശ ധനമന്ത്രാലയത്തിന് കൈമാറിയെങ്കിലും അവരത് അംഗീകരിച്ചില്ലെന്ന് ഈമാസം 18-ന് നല്കിയ വിവരാവകാശ മറുപടിയില്‍ ഇപിഎഫ്ഒ പറഞ്ഞു.
ജീവനക്കാരുടെ ശമ്പളത്തിന്റെ 8.33 ശതമാനവും കേന്ദ്രസര്‍ക്കാരിന്റെ 1.16 ശതമാനവും ചേര്‍ത്തുള്ള വിഹിതത്തെ അടിസ്ഥാനമാക്കിയാണ് എംപ്ലോയീസ് പെന്ഷന് സ്കീം 95 (ഇപിഎസ്-95) എന്ന പേരിലുള്ള പിഎഫ് പെന്ഷന് കണക്കാക്കുന്നത്. ശമ്പളം എത്രതന്നെയായാലും പരമാവധി 15,000 രൂപയെ അടിസ്ഥാനമാക്കിയാണ് വിഹിതം നിശ്ചയിച്ചിരുന്നത്. അതിനാല്‍, വലിയ ശമ്പളക്കാര്ക്കുപോലും ചെറിയ പെന്‍ഷനാണ് ലഭിച്ചിരുന്നത്.ഏറെക്കാലത്തെ വ്യവഹാരങ്ങള്‍ക്കുശേഷം 2022 നവംബര്‍ നാലിനാണ് യഥാര്‍ഥശമ്പളത്തെ അടിസ്ഥാനമാക്കി ഉയര്‍ന്ന പെന്ഷന് നല്കാന് സുപ്രീംകോടതിയുടെ വിധിവന്നത്. തുടര്‍ന്ന്, ഉയര്‍ന്ന പെന്‍ഷനുവേണ്ടി രാജ്യത്ത് 17.5 ലക്ഷം പേര് അപേക്ഷിച്ചെങ്കിലും ചുരുക്കംപേര്‍ക്കാണ് കിട്ടിത്തുടങ്ങിയത്.
ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ തുടരുന്നതിനിടെയാണ് മിനിമം പെന്ഷന് 7500 രൂപയാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു എന്ന വ്യാജവാര്‍ത്ത പരന്നത്. ഒട്ടേറെയാളുകള്‍ ഇത് ശരിയാണെന്ന് വിശ്വസിച്ചു. തുടര്‍ന്ന്, പിഎഫ്. കണ്‍സല്‍ട്ടന്റായ സാഗര്‍ നല്കിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി ലഭിച്ചത്.2000 മുതലുള്ള വര്‍ഷങ്ങളില്‍ (201415 ഒഴികെ) ഇപിഎസിനുള്ള ഫണ്ട് കമ്മിയാണ്. ബജറ്റ് പിന്തുണയോടെ പെന്ഷന് നല്കാന് ഇപിഎസ് പദ്ധതിയില്‍ വ്യവസ്ഥയില്ലാതിരുന്നിട്ടും മിനിമം ആയിരം രൂപയാക്കാന്‍ അത് വേണ്ടിവന്നുവെന്നും ഇപിഎഫ്ഒ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.