കുമളി (ഇടുക്കി): മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി. ഞായറാഴ്ച രാവിലെ 10 മണിയോടെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ശനിയാഴ്ച രാത്രി പത്തോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി.
അണക്കെട്ടിന്‍റെ നിലവിലെ റൂൾ കർവ് പ്രകാരം തമിഴ്നാടിന് സംഭരിക്കാൻ കഴിയുക 136 അടി വെള്ളമാണ്. ശനിയാഴ്ച രാത്രിയിൽ ഈ കണക്കിലേക്ക് എത്തിയാൽ, രാത്രിയിൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാർ നദിയിലേക്ക് ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
എന്നിരുന്നാലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ആവശ്യമെങ്കില്‍ സമീപവാസികള്‍ക്ക് അവിടേക്ക് മാറാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.