കണ്ണൂർ: കൊട്ടിയൂർ മഹാശിവക്ഷേത്രത്തിൽ വൈശാഖ മഹോത്സവം തുടങ്ങി.
സ്ത്രീകളുടെദർശനകാലം ആരംഭിച്ചതോടെതിരക്കേറി. തൃശൂർ മുതൽ വടക്കൻ ജില്ലകളിലെ ഭക്തരാണ് പ്രധാനമായും എത്തുന്നത്.സ്ത്രീകൾ ഒരു വർഷക്കാലം ഭണ്ഡാരത്തിൽ കരുതിവച്ച തുകയുമായി ഇവിടെയെത്തി കൊട്ടിയൂരപ്പന് സമർപ്പിക്കും. സ്വയംഭൂവിൽ നീരഭിഷേകത്തോടെ നിത്യപൂജകൾ ആരംഭിച്ചു. സങ്കീർണമായ ആചാരാനുഷ്ഠാനങ്ങൾകൊണ്ട് ശ്രദ്ധേയമാണ് വൈശാഖ മഹോത്സവം. മറ്റ് ക്ഷേത്രോത്സവങ്ങളിൽനിന്ന് ഇത് വ്യത്യസ്തമാണ്.മഴക്കാലത്താണ് ഉത്സവം അരങ്ങേറുന്നത്. മറ്റ് ക്ഷേത്രങ്ങളിൽ ഈ സമയം ഉത്സവങ്ങൾ സമാപിച്ചിട്ടുണ്ടാകും. ആചാരാനുഷ്ഠാനങ്ങളിലെ വൈവിധ്യങ്ങൾപോലെ കൊട്ടിയൂരിലെ പ്രസാദത്തിനും സവിശേഷതയുണ്ട്.
മഹോത്സവത്തിൽ പങ്കെടുത്ത് തിരിച്ചുപോകുന്നവർ പ്രസാദമായി കൊണ്ടുപോകുന്നത് ഓടപ്പൂവാണ്. ഒരടിയോളം നീളത്തിൽ മുറിച്ചെടുത്ത ഈറ്റകൊണ്ടാണ് ഓടപ്പൂ നിർമിക്കുന്നത്. ഓടയുടെ മുട്ട് ചെത്തി കരിന്താലി ചെത്തി ഇടിച്ചാണ് ഇവ തയാറാക്കുന്നത്.ഒരു ദിവസം വെള്ളത്തിൽ മുക്കിവച്ച് പിഴിഞ്ഞെടുത്തശേഷം ഇരുമ്പുകൊണ്ട് നിർമിച്ച ചീർപ്പുകൊണ്ട് ചീകി പരുവത്തിലാക്കുമ്പോഴാണ് വെളുത്ത ഓടപ്പൂവാകുന്നത്. ഇതിൻ്റെ നിർമാണത്തിൻ്റെ ഓരോ ഘട്ടത്തിലും വൈദഗ്ധ്യമുള്ളവർ തന്നെ വേണം. ഓടപ്പൂ സ്റ്റാളുകളിൽ നിരനിരയായി തൂക്കിയിട്ട ഓടപ്പൂക്കൾ ഭക്തർ ഐശ്വര്യത്തിൻ്റെ പ്രതീകമായാണ് കരുതുന്നത്.വീടുകളിലും വാഹനങ്ങളിലും ഐശ്വര്യ വർധനവിനായി ഓടപ്പൂക്കൾ തൂക്കിയിടുന്നു. ദക്ഷയാഗം നടക്കവേ യാഗകർമിയായ ഭൃഗുമുനിയെ വീരഭദ്രർ ആക്രമിച്ചു.
മുനിയുടെ താടി പറിച്ചെടുത്ത് അക്കരെ കൊട്ടിയൂരിലെ തിരുവഞ്ചിറയിൽ പറിച്ചെറിയുകയായിരുന്നുവെന്നാണ് വിശ്വാസം. ഭൃഗുമുനിയുടെ താടിയെന്ന സങ്കൽപത്തിലാണ് ഭക്തർ പ്രസാദമായി ഓടപ്പൂക്കൾ കൊണ്ടുപോകുന്നത്. നൂറു രൂപ മുതൽ വലിപ്പത്തിനനുസരിച്ച് ഓടപ്പൂ സ്റ്റാളുകളിൽനിന്ന് ഇവ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.