കൊടുങ്ങല്ലൂർ (തൃശൂർ) ∙ ചാലക്കുടി ടൗണിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയെന്ന കേസിൽ കുറ്റസമ്മതം നടത്തി ഷീലയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസ് (22). പ്രത്യേക അന്വേഷണ സംഘം മുംബൈയിൽനിന്നു ലിവിയയെ നാട്ടിൽ എത്തിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം തുറന്നുസമ്മതിച്ചത്. നാരായണദാസിന്റെ സഹായത്തോടെയാണ് കുറ്റകൃത്യം ചെയ്തതെന്നും ലിവിയ ജോസ് മൊഴി നൽകി. ലിവിയക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചതാണ് ഷീല സണ്ണിയോടുള്ള പകയ്ക്ക് കാരണമായതെന്നും മൊഴിയിൽ പറയുന്നു.
മുംബൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിൽ എടുത്ത ലിവിയ ജോസിനെ മുംബൈ പൊലീസിനു കൈമാറിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ലിവിയ ജോസിനെ ഇന്നലെ രാത്രി 11.30 ന് വിമാനമാർഗം കൊച്ചിയിൽ എത്തിക്കുകയായിരുന്നു.ഹൈക്കോടതി നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തതോടെയാണ് ലിവിയ ഒളിവിൽ പോയത്. പിന്നാലെ കേസിൽ ലിവിയയ്ക്കു പങ്കുണ്ടെന്നു സൂചന ലഭിച്ചതോടെ അന്വേഷണ സംഘം തിരച്ചിൽ നോട്ടിസ് ഇറക്കി. ദുബായിലേക്കു കടന്ന ലിവിയയെ നാട്ടിൽ എത്തിക്കാനും പാസ്പോർട്ട് റദ്ദാക്കാനും പൊലീസ് നീക്കം തുടങ്ങുകയും ചെയ്തു. തുടർന്ന് ദുബായിൽ നിന്നു രഹസ്യമായി മുംബൈയിൽ എത്തിയപ്പോഴാണ് ലിവിയ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്.
2023 ഫെബ്രുവരി 27ന് ആണ് വ്യാജ ലഹരി സ്റ്റാംപുമായി എക്സൈസ് ഷീല സണ്ണിയെ അറസ്റ്റ് ചെയ്യുന്നത്. കേസിൽ 72 ദിവസം ജയിൽ കഴിഞ്ഞ ശേഷമാണു കേസ് വ്യാജമെന്നു കണ്ടെത്തുകയും ഷീല സണ്ണി പുറത്തിറങ്ങുകയും ചെയ്തത്. കേസിലെ ഗൂഢാലോചന സംബന്ധിച്ചു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഷീല കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണു കേസ് അന്വേഷണം എക്സൈസിൽ നിന്നു പൊലീസിനു കൈമാറിയത്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ.രാജുവിനാണ് അന്വേഷണ ചുമതല.കേസിൽ പ്രതിയായ ലിവിയയുടെ സുഹൃത്ത് നാരായണദാസിനെ നേരത്തെ ബെംഗളൂരുവിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുചക്ര വാഹനത്തിൽ വ്യാജ ലഹരി സ്റ്റാംപ് ഒളിപ്പിച്ചു വച്ച് എക്സൈസിനെ വിളിച്ചു വരുത്തി ഷീലയെ കുടുക്കിയെന്നാണ് കേസ്. ഷീല സണ്ണിയുടെ മകൻ സംഗീതിനെ ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും ഇതുവരെ ഇയാൾ എത്തിയിട്ടില്ല. ഇയാളുടെ മൊബൈൽ ഇപ്പോഴും ഫോൺ സ്വിച്ച് ഓഫ് ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.