നെടുമ്പാശേരി; സങ്കടക്കടലായി മാറിയ മറ്റക്കുഴി കിഴിപ്പിള്ളിലെ വീട്ടിലേക്ക് കല്യാണിയുടെ ചേതനയറ്റ ശരീരം എത്തിച്ചപ്പോൾ പലരും വിങ്ങിപ്പൊട്ടി. അമ്മ സന്ധ്യ പുഴയിലേക്കു തള്ളിയിട്ടു കൊന്ന മൂന്നരവയസ്സുകാരി കല്യാണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മൂന്നരയോടെ അച്ഛന്റെ വീട്ടിലേക്കെത്തിച്ചപ്പോൾ അവസാനമായി കാണാനായി നാട് ഒന്നാകെയെത്തിയിരുന്നു.
അങ്കണവാടിയിൽനിന്നു കൂട്ടിക്കൊണ്ടുപോയാണ് അമ്മ സന്ധ്യ കല്യാണിയെ പുഴയിലേക്ക് തള്ളിയിട്ടത്. സന്ധ്യയുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തി.ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സന്ധ്യ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങളൊക്കെ കൂടുതൽ ചോദ്യം ചെയ്യലിലേ വ്യക്തമാകൂ എന്നും എറണാകുളം റൂറൽ എസ്പി എം.ഹേമലത വ്യക്തമാക്കി. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.സന്ധ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സന്ധ്യ പറയുന്ന കാര്യങ്ങളിൽ അവ്യക്തത ഉണ്ടെന്ന് എസ്പി പറഞ്ഞു. ബന്ധുക്കളും അയൽക്കാരും ഉൾപ്പെടെയുള്ളവരിൽനിന്ന് മൊഴി എടുക്കുമെന്നും അതിനു ശേഷം മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ പൂർണമായി മനസ്സിലാകൂ എന്നും അവർ പറഞ്ഞു.വീട്ടിലെ പ്രശ്നങ്ങളാണോ കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നറിയാൻ കൂടുതൽ മൊഴികള്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്ന് എസ്പി പറഞ്ഞു.സന്ധ്യയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും മാനസികാരോഗ്യ പരിശോധന അടക്കമുള്ളവ ഡോക്ടർമാരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും എസ്പി പറഞ്ഞു. മറ്റക്കുഴിയിലുള്ള അങ്കണവാടിയിൽ നിന്ന് കുട്ടിയെ കൂട്ടിയ ശേഷം ആലുവ വഴി കുറുമശേരിയിലെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ മൂഴിക്കുളം പാലത്തിൽ വച്ച് സന്ധ്യ കുഞ്ഞിനെ പുഴയിലെറിയുകയായിരുന്നു എന്നാണ് കേസ്. സന്ധ്യയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി ബന്ധുക്കൾ പറയുന്നുണ്ട്.
അമ്മ സന്ധ്യയോടൊപ്പം കുട്ടി ഇന്നലെ വൈകിട്ട് നാലുമണിയോടെ മറ്റക്കുഴിയിൽ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് പോയിരുന്നു. മറ്റക്കുഴിയിൽ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്ന് ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസിൽ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നുമാണ് അമ്മ ആദ്യം പറഞ്ഞത്.
പിന്നീടാണു മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായെന്ന് സന്ധ്യ പറഞ്ഞത്. തുടർന്നാണു പൊലീസും സ്കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊർജിതമാക്കിയത്. പിന്നീട് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വിശദമായ അന്വേഷണത്തിലാണ് അമ്മയാണ് കുട്ടിയെ പുഴയിലെറിഞ്ഞതെന്നു വ്യക്തമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.