പരിയാരം; കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തിൽ ഭാര്യ മിനി നമ്പ്യാരുടെ പങ്ക് കണ്ടെത്തിയത് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ.
മിനിക്ക് ഗൂഡാലോചനയിൽ പങ്കുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ പരിയാരം എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്‌റ്റ് ചെയ്തത്. മിനി നമ്പ്യാരുടെ അറസ്റ്റ് 40 ദിവസത്തിന് ശേഷം മാർച്ച് 20ന് വൈകിട്ടാണ് കൈതപ്രത്ത് പുതുതായി നിർമിക്കുന്ന വീട്ടിൽ വച്ച് രാധാകൃഷ്ണൻ വെടിയേറ്റു മരിക്കുന്നത്.ആ ദിവസം തന്നെ പ്രതി സന്തോഷിനെ സംഭവസ്ഥലത്ത് വച്ച് പൊലീസ് പിടികൂടിയിരുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് കൊലപാതകം നടന്ന വീടിനു സമീപം മിനി നമ്പ്യാർ താമസിക്കുന്ന വാടകവീട്ടിൽ നിന്ന് പിന്നീട് കണ്ടെത്തി. സന്തോഷിനു തോക്ക് നൽകിയ സിജോ ജോസഫിനെയും രണ്ടാഴ്ച മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സന്തോഷും വെടിയേറ്റു മരിച്ച രാധാകൃഷ്ണന്റെ ഭാര്യ മിനിയും തമ്മിൽ സൗഹൃദത്തിലായിരുന്നു എന്നറിഞ്ഞ് ഇവരുടെ ഫോൺ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. രാധാകൃഷ്ണനെ കൊല്ലുമെന്നു സന്തോഷ് പലപ്പോഴും മിനിയെ അറിയിച്ചിട്ടും ഇത് തടയാനോ രാധാകൃഷ്ണന്റെ ശ്രദ്ധയിലെത്തിച്ചു ജീവൻ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നു പൊലീസ് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് മിനിയെ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫോണിൽ പരിചയം; കുടുക്കിയതും ഫോൺ ദീർഘകാലമായി മിനി നമ്പ്യാർ പ്രതി സന്തോഷുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും ഫോൺ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. കൊലപാതകം നടന്ന മാർച്ച് 20ന് സന്തോഷും മിനി നമ്പ്യാരും തമ്മിലുള്ള ഫോൺ സന്ദേശങ്ങൾ പരിശോധിച്ചശേഷമാണ് ഗൂഢാലോചനയിൽ മിനി നമ്പ്യാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള അടുപ്പം രാധാകൃഷ്ണൻ പലതവണ ചോദ്യംചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസവും രാധാകൃഷ്ണൻ ഭാര്യയെ ഈ ബന്ധത്തിന്റെ പേരിൽ ശകാരിച്ചിരുന്നു.
കൊലപാതകത്തിനു മുൻപും നടന്നശേഷവും ഇരുവരും ഫോണിൽ ബന്ധപ്പെട്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകം നടന്ന സമയത്ത് മിനി അടുത്തുതന്നെയുള്ള വാടകവീട്ടിലുണ്ടായിരുന്നു. വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്ക് മിനി നമ്പ്യാർ വന്നില്ല എന്നതും പൊലീസിന്റെ സംശയത്തിനു കാരണമായി.
കമന്റ്, ലൈക്ക്, പരിചയം; ഒടുവിൽ ജീവനെടുത്തു ഒരു വർഷം മുൻപ് ഫെയ്സ്ബുക്കിൽ വന്ന കുറിപ്പിനു പ്രതി സന്തോഷ് അഭിപ്രായം രേഖപ്പെടുത്തി. ഇതിനു മിനി ലൈക്ക് നൽകി. ഈ ലൈക്കിലൂടെയാണ് ഇരുവരും പരിചയമാകുന്നത്. ഈ പരിചയം വീട്ടിലെത്താൻ ഇരുവരും സഹപാഠികളാണെന്നു ഭർത്താവ് രാധാകൃഷ്ണനോടും വീട്ടുകാരോടും കളവു പറഞ്ഞു. സഹപാഠി ബന്ധത്തിൽ പുതിയ വീട് നിർമിക്കാനുള്ള ചുമതലയും സന്തോഷിനു നൽകി.
എന്നാൽ മിനിയുടെയും സന്തോഷിന്റെയും ഇടപെടലിൽ സംശയം തോന്നിയ രാധാകൃഷ്ണൻ മിനിയുമായി വാക്ക് തർക്കം ഉണ്ടായി. പൊലീസിൽ പരാതിയും നൽകി. തുടർന്നു മിനി അമ്മയുടെ കൂടെ കൈതപ്രത്ത് വാടക വീട്ടിൽ താമസമാക്കി. ഈ വീട്ടിൽ പലപ്പോഴും സന്തോഷ് എത്താറുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.