കൊൽക്കത്ത: ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. കൊൽക്കത്ത വിമാനത്താവളത്തിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. യാത്രക്കാരന്റെ കൈവശം ബോംബ് ഉണ്ടെന്ന് സംശയമുയർന്നതോടെ വിമാനത്തിൽ പരിശോധന നടത്തിവരികയാണ്.
'യാത്രക്കാർ ചെക്ക് ഇൻ ചെയ്തതിനു ശേഷമാണ് കോൾ വന്നത്. ഉച്ചയ്ക്ക് 1.30ന് പറന്നുയർന്ന് 4.20ന് മുംബയിൽ ഇറങ്ങേണ്ടതായിരുന്നു വിമാനം. അടിയന്തര പ്രോട്ടോക്കോൾ പാലിച്ച് 195 യാത്രക്കാരോടും ഇറങ്ങാൻ ആവശ്യപ്പെടുകയും വിമാനം പരിശോധനയ്‌ക്കായി മാറ്റുകയും ചെയ്തു'- അധികൃതർ പറഞ്ഞു.
സംശയിക്കുന്ന ഒരു യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഇംഫാലിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കൊൽക്കത്തയിൽ എത്തിയ ഇയാൾ, മറ്റൊരു ഇൻഡിഗോ വിമാനത്തിൽ മുംബയിലേക്ക് പോകേണ്ടതായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു വിമാനം പുറപ്പെടേണ്ടത്. 186 യാത്രക്കാരിൽ 179 പേർ ഇതിനോടകം വിമാനത്തിൽ കയറിയിരുന്നു.
'കൊൽക്കത്തയിൽ നിന്ന് മുംബയിലേക്കുള്ള 6E 5227 വിമാനം പുറപ്പെടുന്നതിന് മുമ്പ് ഭീഷണി കോൾ ലഭിച്ചു. സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ച്, വിമാനം പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. വിമാനത്തിൽ നിന്ന് ലഗേജുകൾ ഇറക്കിയിട്ടുണ്ട്. ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ വിമാനത്തിലുണ്ട്. അവർ പരിശോധന നടത്തിവരികയാണ്. വിമാനത്താവളത്തിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.'- അധികൃതർ അറിയിച്ചു.
മേയ് ആറിന് ചണ്ഡീഗഢിൽ നിന്ന് വരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞുകൊണ്ട് മുംബയ് വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.