ഏറ്റുമാനൂർ; മഴ കനത്തതോടെ ഏറ്റുമാനൂരിലേയും പരിസര പ്രദേശങ്ങളിലേയും താഴ്ന്നപ്രദേശങ്ങളിലുള്ളവർ ആശങ്കയിൽ. മീനച്ചിലാർ കരകവിഞ്ഞതോടെ തീരപ്രദേശത്തുള്ളവർ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
പാടശേഖരങ്ങളും കൃഷിയിടങ്ങളും വെള്ളം കയറിയ നിലയിലാണ്. ഇടറോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഏറ്റുമാനൂരിൽ മീനച്ചിലാറിനോടു ചേർന്നു കിടക്കുന്ന 15, 16, 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന പാറേക്കടവ്, പുളിമൂട്, പേരൂർ, കാവുപാടം, പൂവത്തുമൂട്, ഖാദിപ്പടി, കുത്തിയതോട് പ്രദേശങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.മീനച്ചിലാർ കരകവിഞ്ഞാൽ പേരൂർ ഭാഗത്തെ 250തോളം വീടുകളിൽ വെള്ളം കയറുക പതിവാണ്. റോഡുകൾ വെള്ളത്തിലായാൽ ഗതാഗതവും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകും. മീനച്ചിലാറുമായി ബന്ധപ്പെട്ടു കിടക്കുന്ന ഏറ്റുമാനൂർ നഗരസഭ വാർഡ് 16ൽ പായിക്കാട്ടിൽ തുരുത്തിപ്പാടം വെള്ളം കയറിയ നിലയിലാണ്.
ജലനിരപ്പ് ഉയർന്നാൽ പുറം ലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ട് തുരുത്തേൽ ഭാഗത്തെ 20 കുടുംബങ്ങൾ ഒറ്റപ്പെടും. നിലവിൽ ഒരു ദുരിതാശ്വാസ ക്യാംപ് മാത്രമാണ് തുറന്നിരിക്കുന്നത്. മഴ തുടർന്നാൽ ദുരിതാശ്വാസ ക്യാംപ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര അറിയിച്ചു.
ആർപ്പൂക്കര, നീണ്ടൂർ, അതിരമ്പുഴ പഞ്ചായത്തുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആർപ്പൂക്കര എട്ടാം വാർഡ് അറേക്കാട്ടിൽ എ.കെ.സണ്ണിയുടെ വീടിനു മുകളിലേക്ക് തേക്ക് മരം മറിഞ്ഞു വീണ് വീടിനു കേടുപാടുകൾ സംഭവിച്ചു. വീടിന്റെ മേൽക്കൂരയ്ക്കു ഭിത്തിക്കും വിള്ളൽ സംഭവിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം നാലരയോടെ ഉണ്ടായ കാറ്റിലും മഴയിലുമായിരുന്നു സംഭവം.
ദുരിതാശ്വാസ ക്യാംപ് തുറന്നു വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്കായി ഏറ്റുമാനൂർ നഗരസഭയിൽ മാടപ്പാട് ശിശുവിഹാറിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന 2 കുടുംബങ്ങളിലെ 5 പേരെ ക്യാംപിലേക്ക് മാറ്റി. ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. രശ്മി രാമചന്ദ്രൻ, ഹെൽത്ത് സൂപ്പർവൈസർ കെ.എ.ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്യാംപ് സന്ദർശിക്കുകയും, ആരോഗ്യ പരിശോധന നടത്തുകയും ചെയ്തു.
എലിപ്പനി പ്രതിരോധ മരുന്ന് വിതരണം, ജലസ്രോതസ്സ് ക്ലോറിനേഷൻ, പരിസര ശുചിത്വം തുടങ്ങിയ കാര്യങ്ങൾ സംഘം ഉറപ്പു വരുത്തി. വരും ദിവസങ്ങളിൽ മഴ ശക്തമാകുന്നതോടെ നഗരസഭാ പരിധിയിൽ കൂടുതൽ കുടുംബങ്ങളെ ക്യാംപിലേക്ക് മറ്റേണ്ടതായും കൂടുതൽ ക്യാംപുകൾ തുറക്കേണ്ടതായും വരും.ഈ സാഹചര്യത്തിൽ ക്യാംപിന്റെ മേൽനോട്ടത്തിനായി ഫീൽഡ് വിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവരെ ചുമതലപ്പെടുത്തി. വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങൾ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് കുടുംബാരോഗ്യ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.