ന്യൂഡൽഹി; പാക്കിസ്ഥാനുമായി നടന്നത് നമ്മൾ തുടരാൻ ഉദ്ദേശിച്ച യുദ്ധമായിരുന്നില്ലെന്നും തീവ്രവാദികളെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു നമ്മുടെ ആവശ്യമെന്നും ശശി തരൂർ എംപി. ‘‘ആ പാഠം നമ്മൾ അവരെ പഠിപ്പിച്ചു. ഈ ഘട്ടത്തിൽ സമാധാനമാണ് ശരിയായ മാർഗമെന്ന് ഞാൻ കരുതുന്നു’’ –തരൂർ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
‘‘1971 ലെ സാഹചര്യങ്ങൾ അല്ല 2025 ലേത്. വ്യത്യാസങ്ങളുണ്ട്. 1971 ലെ വിജയം ഒരു മഹത്തായ നേട്ടമായിരുന്നു. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് അഭിമാനം നൽകുന്നതാണ് ആ നേട്ടം. ഇന്ദിരാഗാന്ധി ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂപടം തന്നെ മാറ്റിവരച്ചു. പക്ഷേ ഇന്നത്തെ പാക്കിസ്ഥാന്റെ സാഹചര്യം വ്യത്യസ്തമാണ്.
അവരുടെ സാങ്കേതിക ഉപകരണങ്ങൾ, സൈനിക ഉപകരണങ്ങൾ, അവർക്കുണ്ടാക്കാൻ കഴിയുന്ന നാശനഷ്ടങ്ങൾ എല്ലാം വ്യത്യസ്തമാണ്. ഇന്ത്യൻ ജനതയുടെ അഭിവൃദ്ധിയിലും ക്ഷേമത്തിലും പുരോഗതിയിലും നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഈ ഘട്ടത്തിൽ സമാധാനമാണ് ശരിയായ മാർഗം എന്ന് ഞാൻ കരുതുന്നു.
ഇന്ത്യയിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. നമ്മൾ ഒരുപാട് അനുഭവിച്ചു. പൂഞ്ചിലെ ജനങ്ങളോട് ചോദിക്കൂ. ഈ ആക്രമണം തുടങ്ങിയ ശേഷം പാക്ക് ഷെല്ലിങിൽ മാത്രം എത്ര പേരാണ് അവിടെ മരിച്ചത്. യുദ്ധങ്ങൾ നിർത്തണമെന്നു ഞാൻ പറയുന്നില്ല. അവ തുടരാൻ കാരണങ്ങളുണ്ടെങ്കിൽ തുടരണം. എന്നാൽ ഇത് നമ്മൾ തുടരാൻ ഉദ്ദേശിച്ച യുദ്ധമായിരുന്നില്ല. തീവ്രവാദികളെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു നമ്മുടെ ആവശ്യം.
ആ പാഠം പഠിപ്പിച്ചു.’’ – ശശി തരൂർ പറഞ്ഞു.26 നിരപരാധികളുടെ ജീവൻ അപഹരിച്ച പഹൽഗാം ആക്രമണത്തിനു പിന്നിലെ ഭീകരരെ കണ്ടെത്താനുള്ള ശ്രമം സർക്കാർ തുടരുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘അത് അനിവാര്യമാണ്. അത് ഒറ്റരാത്രികൊണ്ട് സംഭവിക്കണമെന്നില്ല, മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം, പക്ഷേ നമ്മൾ അത് ചെയ്യേണ്ടിവരും. നിരപരാധികളായ ഇന്ത്യൻ പൗരൻമാരെ കൊലപ്പെടുത്തിയ ആരെയും രക്ഷപ്പെടാൻ അനുവദിക്കരുത്. എന്നാൽ അതിനർഥം മുഴുവൻ രാജ്യത്തെയും ഒരു നീണ്ട യുദ്ധത്തിലേക്ക് തള്ളിവിടണമെന്നല്ല.
ഞാൻ സമാധാനത്തിനു വേണ്ടി നിലകൊള്ളുകയാണ്. ഈ ഭീകരരെ പിടികൂടി നീതിനടപ്പാക്കണമെന്നു തന്നെയാണ് എന്റെ ആവശ്യം.1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ, അവിടത്തെ ജനങ്ങളെ സ്വാതന്ത്ര്യത്തിലേക്കു കൊണ്ടുവരുക എന്ന ധാർമിക ലക്ഷ്യത്തോടെയാണ് ഇന്ത്യ പോരാടിയത്. അത് വ്യത്യസ്തമായ ഒരു സാഹചര്യമാണ്. എന്നാൽ ഇവിടെ ഇരുവശത്തും ധാരാളം ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന വളരെ നീണ്ടുനിൽക്കുന്ന ഒരു സംഘർഷത്തിൽ കാര്യങ്ങൾ കലാശിക്കുമായിരുന്നു.
ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ മുൻഗണന ഇതാണോ? അല്ല, മേയ് 7 ലെ നടപടികളെ ഒരു ഘട്ടത്തിലും ഇന്ത്യ ഒരു നീണ്ട സംഘർഷത്തിന്റെ തുടക്കമായി കണ്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. പാക്കിസ്ഥാൻ സംഘർഷം രൂക്ഷമാക്കിയിരുന്നില്ലെങ്കിൽ നമ്മൾ ശക്തമായി തിരിച്ചടിക്കുമായിരുന്നില്ല.’’ – തരൂർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.