കൊച്ചി ;ക്രിമിനലുകൾക്കൊപ്പം അതിഥിത്തൊഴിലാളി ക്യാംപിലെത്തി പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
കുന്നത്തുനാട് എക്സൈസ് പ്രിവന്റീവ് ഓഫീസർ നെല്ലിക്കുഴി പുഴക്കര സലീം യൂസഫ് (52), തായ്ക്കാട്ടുകര മേക്കിലക്കാട്ടിൽ സിദ്ധാർഥ് (35) എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. എക്സൈസ് ഉദ്യോഗസ്ഥരടക്കമുള്ളവരെ റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്കയച്ചു.ഇത്തരത്തിൽ പണം തട്ടിയെടുക്കുന്നതു പോലുള്ള പ്രവൃത്തികൾ പ്രതികൾ മുമ്പും നടത്തിയിട്ടുണ്ടെന്നും മേലധികാരികൾ ഇവരെ താക്കീത് ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. ആലുവ സർക്കിൾ ഓഫീസിൽ നിന്ന് കമ്മീിഷണർ സ്ക്വാഡിലേക്ക് സ്ഥലംമാറ്റം കിട്ടിയ ആളാണ് സിദ്ധാർഥ്. ആലുവ–പെരുമ്പാവൂർ റൂട്ടിൽ തെക്കേ വാഴക്കുളത്തുള്ള അതിഥിത്തൊഴിലാളി ക്യാംപിൽ പരിശോധനയ്ക്ക് എന്ന വ്യാജേനെയാണ് നാലംഗ സംഘമെത്തുന്നത്. പൊലീസ് എന്ന് പരിചയപ്പെടുത്തി നടത്തി പരിശോധനയിൽ ഇവർ തൊഴിലാളികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്.
തുടർന്ന് തൊഴിലാളികളുടെ പക്കലുണ്ടായിരുന്ന 56,000 രൂപയും 4 ഫോണുകളും തട്ടിയെടുക്കുകയായിരുന്നു. പിന്നാലെ ക്യാംപിലെ താമസക്കാരനായ അസം സ്വദേശി ജോഹിറൂള്‍ പരാതിയുമായി തടിയിട്ടപറമ്പ് പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ എക്സൈസുകാരാണെന്ന വിവരം പൊലീസ് മനസിലാക്കിയത്. ഇവർ ക്യാംപിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസി ടിവി ദൃശ്യവും പൊലീസിന് ലഭിച്ചു.
പിന്നീട് ചൊവ്വാഴ്ച ഉച്ചയോടെ എക്സൈസ് ഉദ്യോഗസ്ഥരെയും ഇവർക്കൊപ്പമുണ്ടായിരുന്ന തെങ്ങളാംകുഴി മണികണ്ഠൻ ബിലാൽ (30), ഇയാളുടെ കൂട്ടാളി ജിബിൻ (32) എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ ക്യാമ്പിലെത്തിയ കാറും പൊലീസ് കണ്ടെടുത്തിരുന്നു. മണികണ്ഠൻ ബിലാൽ എടത്തല പൊലീസ് സ്റ്റേഷനിൽ കൊലപാതകം, ലഹരി കേസുകളിൽ പ്രതിയാണ്.അതിഥിത്തൊഴിലാളികളും മറ്റും കൂട്ടമായി താമസിക്കുന്ന ഇവിടെ പലയിടത്തും ചീട്ടുകളി, പെൺവാണിഭം തുടങ്ങിയ അനധികൃത ഇടപാടുകൾ നടക്കുന്നുണ്ട്.
ഈ വിവരങ്ങളറിഞ്ഞ് പൊലീസ് എന്ന വ്യാജേനെ ഇവിടെയെത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട് എന്നാണ് എക്സൈസ് വൃത്തങ്ങൾ നൽകുന്ന വിവരം. വകുപ്പിന് തന്നെ നാണക്കേടാകുന്ന ഇത്തരം കാര്യങ്ങള്‍ ആവർത്തികരുതെന്ന് ഇരുവരെയും താക്കീത് ചെയ്തിരുന്നു എന്നും എക്സൈസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.