ന്യൂഡൽഹി; ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. ‘ബുൻയാനു മർസൂസ്’ എന്നാണ് സൈനിക നീക്കത്തിനു പേരിട്ടിരിക്കുന്നത്. ‘തകർക്കാനാകാത്ത മതിൽ’ എന്നാണ് ഈ വാക്കിന്റെ അർഥം.
പാക്കിസ്ഥാന്റെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയായി നാല് പാക്ക് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പാക്ക് സൈന്യത്തിന്റെ നീക്കം.കശ്മീർ അതിർത്തിയിൽ ഇന്ത്യ–പാക്ക് പോർവിമാനങ്ങൾ പരസ്പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്) പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്നും റിപ്പോർട്ടുകളുണ്ട്.ഇന്ത്യയ്‌ക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയിരുന്ന പാക്കിസ്ഥാന്റെ സൈനിക ലോഞ്ച് പാഡുകൾ ഇന്ത്യൻ ആക്രമണത്തിൽ തകർന്നു.പാക്കിസ്ഥാനിലെ റാവിൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്‌വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പാക്കിസ്ഥാൻ വ്യോമപാത പൂർണമായി അടച്ചു. ഇസ‌്‌ലാമാബാദിൽനിന്നും 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് നുർ ഖാൻ വ്യോമതാവളം.
വൻ സ്ഫോടനത്തെ തുടർന്ന് നുർ ഖാൻ വ്യോമതാവളത്തിൽ തീ പടരുന്നതിന്റെ ദൃശ്യങ്ങൾ പാക്കിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിടുന്നുവെന്നാണ് വിവരം. എന്നാൽ ഇവയുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല. ചക്‌ലാല വ്യോമതാവളമെന്ന് നേരത്തെ അറിയപ്പെട്ടിരുന്ന നുർ ഖാൻ പാക്കിസ്ഥാന്റെ സുപ്രധാന വ്യോമതാവളങ്ങളിലൊന്നാണ്.
ജമ്മു കശ്മീരിലെയും രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെയും അതിർത്തി മേഖലകളിൽ പാക്ക് പ്രകോപനം തുടരുകയാണ്. കശ്മീരിലെ രജൗറിയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീർ അഡിഷനൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണർ രാജ്കുമാർ ഥാപ്പ കൊല്ലപ്പെട്ടു.
എല്ലാ വ്യോമഗതാഗതവും പാക്കിസ്ഥാനിൽ നിർത്തിവച്ചിരിക്കുകയാണ്. ഡ്രോൺ ആക്രമണങ്ങൾക്കായി യാത്രാ വിമാനങ്ങളെ മറയാക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണം ഉയർന്ന് മണിക്കൂറുകൾക്കുള്ളിലാണ് പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചത്.
‘നോട്ടിസ് ടു എയർമെൻ’ (എൻഒടിഎഎം) വഴിയാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിനിടയിൽ വ്യോമാതിർത്തി തുറന്നിടുന്ന പാക്കിസ്ഥാന്റെ നടപടി രാജ്യാന്തര വ്യോമഗതാഗതത്തിനു ഭീഷണിയാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.