കുറുപ്പന്തറ ; മാഞ്ഞൂർ പഞ്ചായത്തിലെ ആധുനിക രീതിയിലുള്ള മത്സ്യ മാംസ വിപണന കേന്ദ്രം മാലിന്യ സംഭരണ കേന്ദ്രമായി. ഏതാനും വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച മത്സ്യ വിപണന കേന്ദ്രവും ശുചിമുറിയും മാർക്കറ്റും കണ്ടാൽ മൂക്കുപൊത്തും. മാർക്കറ്റും പരിസരവും മാലിന്യങ്ങൾ നിറഞ്ഞ് ചീഞ്ഞഴുകുകയാണ്.
രൂക്ഷമായ ദുർഗന്ധം മൂലം പരിസരത്തേക്ക് പോലും അടുക്കാൻ കഴിയില്ല. ശുചിമുറിയിൽ കാര്യം സാധിക്കാൻ കയറണമെങ്കിൽ മാലിന്യ കൂന ചാടിക്കടക്കണം. തീർന്നില്ല. വാതിൽ ഇല്ലാത്തതിനാൽ കാര്യം സാധിക്കാനും കഴിയില്ല. മാഞ്ഞൂർ പഞ്ചായത്ത് ഓഫിസിന് മീറ്ററുകൾക്ക് ഇപ്പുറമുള്ള മത്സ്യ മാർക്കറ്റിലെ സ്ഥിതി ദയനീയമാണ്. മാസങ്ങളായി മാർക്കറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ ഒന്നും നടത്താറില്ല. മാർക്കറ്റിലും പരിസരത്തും പല സ്ഥലത്തും മാലിന്യം കൂടിക്കിടക്കുന്നു.2003 –ൽ നിർമിച്ച കംഫർട്ട് സ്റ്റേഷന്റെ തകർന്ന വാതിൽ ഭിത്തിയിൽ ചാരി വച്ചിരിക്കുകയാണ്. മാർക്കറ്റിലെ സ്റ്റാളുകളിൽ മാലിന്യം ചാക്കിൽ കെട്ടി നിറച്ചു വച്ചിരിക്കുന്നു. ഇതിന്റെ ഒരു വശത്തിരുന്നാണ് ഉണക്കമീൻ കച്ചവടം നടത്തുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് വരെ നാമമാത്രമായി മത്സ്യ വിപണന കേന്ദ്രം പ്രവർത്തിച്ചിരുന്നു.ഇതും നിലച്ചതോടെയാണ് മാലിന്യം തള്ളാനുള്ള കേന്ദ്രമായി മത്സ്യ വിപണന കേന്ദ്രം മാറിയത്.മാർക്കറ്റ് നശിപ്പിച്ച നടപടികൾ ∙പഞ്ചായത്തിന് സ്വന്തമായി മാർക്കറ്റും സ്റ്റാളുകളും കെട്ടിടവും ഉണ്ടെന്നിരിക്കെ മുട്ടിനു മുട്ടിനു മത്സ്യ മാംസ വ്യാപാരത്തിന് പഞ്ചായത്ത് അധികൃതർ അനുമതി നൽകിയതോടെയാണ് മാർക്കറ്റ് നശിച്ചു തുടങ്ങിയതെന്നാണ് വ്യാപാരികളുടെ പരാതി.
റോഡരികിൽ പലയിടത്തും മത്സ്യ മാംസ കടകൾ വന്നതോടെ മാർക്കറ്റിലേക്ക് ആരും വരാതായി. പല മത്സ്യ മാംസ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയാണ്. മാർക്കറ്റിൽ മത്സ്യ– മാംസ വ്യാപാരത്തിന് മുറികൾ എടുത്തവർക്ക് കച്ചവടം ഇല്ലാതെ പലരും കടകൾ നിർത്തി. മാലിന്യങ്ങൾ ഉടൻ നീക്കും.
മാലിന്യ പ്ലാന്റിനായി പഞ്ചായത്ത് പലയിടത്തും സ്ഥലം വിലക്കു വാങ്ങാൻ ശ്രമിച്ചെങ്കിലും എതിർപ്പുകൾ മൂലം നടന്നില്ല. മാലിന്യങ്ങൾ കൊണ്ടുപോകുന്ന ഏജൻസിയും എത്താൻ വൈകുന്നുണ്ട്. മാർക്കറ്റിലെയും സ്റ്റാളിലെയും മാലിന്യങ്ങൾ ഉടൻ നീക്കും.ബിജു കൊണ്ടൂക്കാലാ,വൈസ് പ്രസിഡന്റ്,മാഞ്ഞൂർ പഞ്ചായത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.