തിരുവനന്തപുരം : സംസ്ഥാനത്തെ 86 മുൻസിപ്പാലിറ്റികളിലും ആറു കോർപ്പറേഷനുകളിലും നടന്ന വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26ഉം, കൂടിയത് 53 വാർഡുകളുമുണ്ടാകണം. കോർപ്പറേഷനുകളിൽ അവ യഥാക്രമം 56 ഉം 101 ഉം ആണ്.
2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപ്പറേഷനുകളിൽ ഏഴ് വാർഡുകളുമാണ് വർദ്ധിച്ചത്.ഡീലിമിറ്റേഷൻ പ്രക്രിയയുടെ ആദ്യഘട്ടം പൂർത്തിയായതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചാത്തുകളിൽ 17337 വാർഡുകളും, 87 മുനിസിപ്പാലിറ്റികളിൽ 3241 വാർഡുകളും, ആറ് കോർപ്പറേഷനുകളിൽ 421 വാർഡുകളുമാണുണ്ടാകുക. വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടി വകുപ്പിന്റെ e-gazette വെബ്സൈറ്റിൽ (www.compose.kerala.gov.in) ലഭിക്കും.
നിലവിലുണ്ടായിരുന്ന വാർഡുകളിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട എല്ലാ വോട്ടർമാരെയും പുനർനിർണയിച്ച വാർഡുകളിലേയ്ക്ക് പുന:ക്രമീകരിച്ചു കൊണ്ടുള്ള പുതിയ വോട്ടർപട്ടിക ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ തയ്യാറാക്കും. ഇതിനുവേണ്ടി ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പരിശീലനപരിപാടി ജൂൺ അഞ്ചിന് അവസാനിക്കും. ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സെക്രട്ടറിമാരും, കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ.
വോട്ടർപട്ടിക പുതുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് പുറപ്പെടുവിക്കും. പുതിയ വാർഡുകളിലെ വോട്ടർമാരുടെ എണ്ണത്തിനനുസരിച്ച് പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കാനും സജ്ജീകരിക്കാനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ടാംഘട്ടത്തിൽ ബ്ളോക്ക് പഞ്ചായത്തുകളുടെ വാർഡ് വിഭജനം നടക്കും. സംസ്ഥാനത്തെ 152 ബ്ളോക്ക് പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ കരട് വിജ്ഞാപനം മെയ് 30ന് പുറപ്പെടുവിക്കും.
ഡീലിമിറ്റേഷൻ കമ്മീഷൻ യോഗമാണ് അന്തിമവിജ്ഞാപനം അംഗീകരിച്ചത്. കമ്മീഷൻ ചെയർമാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗങ്ങളായ ഡോ.രത്തൻ യു ഖേൽക്കർ, കെ.ബിജു, എസ്.ഹരികിഷോർ, ഡോ.കെ.വാസുകി എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.