ടൂറിസ്റ്റുകൾ കശ്മീർ വിട്ടോടുകയല്ല, കശ്മീരിലേക്കു പോവുകയാണു വേണ്ടത് എന്ന സന്ദേശവുമായി 12 മലയാളികൾ പഹൽഗാമിൽ. രണ്ടാഴ്ച മുൻപാണ് പാലക്കാടുകാരായ 12 പേരുടെ യുവസംഘം കശ്മീർ സന്ദർശനത്തിനു തീരുമാനമിട്ടത്. മുൻപ് പല പ്രാവശ്യം ഗോവ ട്രിപ്പടിച്ചു ബോറടിച്ചപ്പോഴാണ് ഇത്തവണ സ്ഥലം മാറ്റിപ്പിടിക്കാമെന്ന നിർദേശം വന്നതും. എന്നാൽ അത് ഇത്തരമൊരു ‘നവ്യാനുഭവം’ സമ്മാനിക്കുമെന്നു വിചാരിച്ചുമില്ല. ഒരുമിച്ചെടുത്ത തീരുമാനത്തിനു മാറ്റമൊന്നും വരുത്താതെ 12 അംഗ മലയാളി സംഘം കഴിഞ്ഞദിവസം പഹൽഗാമിലെത്തി.
ഷൊർണൂർ മുനിസിപ്പാലിറ്റി, ലക്കിടി പഞ്ചായത്ത്, വിപിഎ യുപി സ്കൂൾ കുണ്ടൂർകുന്ന്, ചെർപ്പുളശേരി സഹകരണ ബാങ്ക്, മുനിസിപ്പാലിറ്റി , എച്ച്ഡിഎഫ്സി ബാങ്ക് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ലെനിൻ രാജ്, പി. ശ്യാം മോഹൻ, പി.വി വിഷ്ണു, കെ.സച്ചിദാനന്ദൻ, വിവേക് ഡാലിയ, പി.അജയ്, എം. ജെസീർ, സി.കെ. ഷെഫീഖ്, എ.വിഘ്നേഷ്, അജിത് കൃഷ്ണൻ, പി.കെ.രഞ്ജിത്, വി. ജിതിൻ എന്നിവരായിരുന്നു യാത്രികർ. 22ന് അക്രമം ഉണ്ടായ കാര്യം അറിഞ്ഞുവെങ്കിലും പിറ്റേന്നുള്ള യാത്രയ്ക്കായി ഏവരും സജ്ജരായിക്കഴിഞ്ഞിരുന്നു. 23നു യാത്ര പുറപ്പെട്ടു. ഷൊർണൂരിൽനിന്ന് ചെന്നൈയിലെത്തി ജമ്മുതാവി ട്രെയിലാണു യാത്ര തുടർന്നത്. 26ന് ജമ്മുവിലെത്തി. 27ന് മുഴുവനായും റോഡ് മാർഗമുള്ള യാത്രയായിരുന്നു. 28നു സോനാമാർഗും 29ന് ഗുൽമാർഗ്, ദാൽഗേറ്റ് എന്നിവയും സന്ദർശിച്ചപ്പോഴും പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. സാധാരണയിൽക്കവിഞ്ഞ പൊലീസ് സുരക്ഷ എവിടെയും കാണുന്നുണ്ടായിരുന്നു.
ശ്രീനഗർ നഗരത്തിൽ കണ്ട മലയാളി പട്ടാള ഉദ്യോഗസ്ഥനോട് ഇപ്പോൾ യുദ്ധം വല്ലതും നടക്കുമോ എന്ന് ചോദിച്ചപ്പോൾ കണ്ണടച്ചു കാണിച്ചുള്ള ചിരി മാത്രമായിരുന്നു മറുപടിയെന്നും ഇവർ പറയുന്നു. നാട്ടിൽ ചാനലുകൾ കണ്ട് ആവലാതിപ്പെട്ടു വിളിക്കുന്ന വീട്ടുകാരുടെ കാര്യമോർത്തുമാത്രമായിരുന്നു വിഷമമുള്ളത്. 30ന് പഹൽഗ്രാമിലെത്തിയപ്പോൾ നിയന്ത്രണങ്ങൾ നിലവിൽ വന്നിരുന്നു. പ്രധാന ടൂറിസം സ്ഥലങ്ങളിലേക്കൊന്നും ആളുകളെ പ്രവേശിപ്പിക്കുന്നില്ല. ഏതാനും ദിനങ്ങൾക്കുള്ളിൽ ഈ നിയന്ത്രണം നീക്കുമെന്നാണു പ്രതീക്ഷ.‘‘യാതൊരു പ്രശ്നവുമില്ലാതെ മറ്റു സ്ഥലങ്ങളിലെല്ലാം സഞ്ചരിക്കാമെന്നിരിക്കെ ആരും വരാത്തത് എന്താണെന്നറിയില്ല. നമ്മുടെ ടൂറിസം മേഖലയാണ് ഇതുവഴി തകരുന്നതെന്നും അതിനു വളം വച്ചുകൊടുക്കാതെ ധൈര്യപൂർവം ഇവിടെ സഞ്ചാരികൾ എത്തണമെന്നുമാണ്’’ വിവേക് ഡാലിയയുടെ അഭിപ്രായം. കശ്മീരിന്റെ ടൂറിസം തകർത്ത് ഇവിടം വീണ്ടും കലാപകഭൂമിയാക്കാനാണു ഭീകരന്മാരുടെ ശ്രമം. നാം അതിൽ വീണുപോകരുത് – യുവാക്കൾ പറയുന്നു. തിരക്കേറിയ പഹൽഗാമിലൂടെ സ്വതന്ത്രമായി നടന്നു കാഴ്ച ആസ്വദിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ സംഘം ഇവിടെനിന്ന് കേരളത്തിലേക്കു മടങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.