തിരുവനന്തപുരം: മാസത്തിൽ പകുതി ദിവസം അച്ഛനോടൊപ്പം കഴിയുന്ന മകൾക്ക് ഒരു ദിവസം പോലും വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകിയില്ല എന്ന പരാതി സുപ്രീം കോടതിയിൽ എത്തി. ഇതോടെ പിതാവിന് മകളുടെ സംരക്ഷണാവകാശം നിഷേധിച്ച് കോടതി ഉത്തരവായി. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചാണ് വിധി പ്രസതാവിച്ചത്. മാത്രമല്ല കുട്ടിയുടെ സംരക്ഷണ അവകാശം കുഞ്ഞിൻറെ ആഗ്രഹം കൂടി പരിഗണിച്ച് പൂർണ്ണമായും അവളുടെ അമ്മയ്ക്ക് കൈമാറുകയും ചെയ്തു.
വിദേശത്ത് ജോലി ചെയ്യുന്ന തിരക്കേറിയ പ്രൊഫഷണലായ പിതാവിന് രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ദിവസം പോലും മകൾക്ക് വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാൻ കഴിയാതെ വന്നതോടെയാണ് സുപ്രീം കോടതി ഇത്തരത്തിൽ ഒരു വിധി പുറപ്പെടുവിച്ചത്. റെസ്റ്റോറന്റുകളിൽ നിന്ന് വാങ്ങുന്ന ഭക്ഷണം തുടർച്ചയായി കഴിക്കുന്നത് മുതിർന്ന വ്യക്തികൾക്ക് പോലും ആരോഗ്യത്തിന് ഹാനികരമാകുമെന്ന് കോടതി പറഞ്ഞു. അങ്ങനെയുള്ളപ്പോൾ എട്ടു വയസ്സുള്ള ഒരു പെൺകുട്ടിയുടെ കാര്യം പറയേണ്ടതില്ലല്ലോ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വികാസത്തിനും വീട്ടിൽ പാകം ചെയ്ത പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യമാണെന്ന് കോടതി കൂട്ടിച്ചേർത്തു. സുപ്രീം കോടതി ഉത്തരവിന് മുമ്പ്, കേരള ഹൈക്കോടതി അച്ഛന് എല്ലാ മാസവും 15 ദിവസം മകളോടൊപ്പം കഴിയാൻ അനുവാദം നൽകിയിരുന്നു.സിംഗപ്പൂരിൽ ജോലി ചെയ്യുന്ന പിതാവ് തിരുവനന്തപുരത്ത് ഒരു വീട് വാടകയ്ക്ക് എടുത്താണ് മകളോടൊപ്പം കഴിഞ്ഞിരുന്നത്. മാസത്തിൽ 15 ദിവസമായിരുന്നു ഇദ്ദേഹം മകൾക്ക് ഒപ്പം കഴിയുന്നതിനായി സിംഗപ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്നിരുന്നത്. സ്നേഹവും കരുതലും ഉള്ള അച്ഛനാണെങ്കിലും കുട്ടിയുടെ ശരിയായ വളർച്ചയ്ക്കും ക്ഷേമത്തിനും അദ്ദേഹത്തിൻറെ സാഹചര്യങ്ങൾ അനുയോജ്യമല്ല എന്നായിരുന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.അച്ഛനോടൊപ്പം ഉള്ള 15 ദിവസത്തെ ഇടക്കാല കസ്റ്റഡി കാലയളവിൽ അച്ഛൻ അല്ലാതെ മറ്റാരുമായും കുട്ടിക്ക് സൗഹൃദമോ സഹവാസമോ ലഭിക്കുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കൾക്കൊപ്പം താമസിക്കുകയും വീട്ടിൽ നിന്ന് ജോലി ചെയ്യുകയും ചെയ്യുന്ന അമ്മയോടൊപ്പമാണ് കുട്ടിക്ക് കൂടുതൽ സുരക്ഷിതത്വം എന്നും സുപ്രീം കോടതി പറഞ്ഞു. എന്നിരുന്നാലും, എല്ലാ മാസവും ഒന്നിടവിട്ട വാരാന്ത്യങ്ങളിൽ മകളെ കാണാൻ അച്ഛനെ അനുവദിച്ചിട്ടുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം വീഡിയോ കോളിൽ അവളുമായി സംസാരിക്കാനും അദ്ദേഹത്തിന് അനുവാദമുണ്ട്.മകൾക്ക് ഒരു ദിവസം പോലും വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകിയില്ല:പിതാവിന് സംരക്ഷണാവകാശം നിഷേധിച്ച് കോടതി
0
ശനിയാഴ്ച, മേയ് 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.