ന്യൂഡൽഹി : ഔദ്യോഗിക വസതിയോടു ചേർന്ന മുറിയിൽ ചാക്കുകെട്ടിൽ നോട്ടുകെട്ട് കണ്ടെത്തിയ വിവാദത്തിൽപെട്ട ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ കുറ്റവിചാരണ ചെയ്തു പുറത്താക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ശുപാർശ ചെയ്തെന്നു വിവരം. വിവാദ സംഭവത്തിൽ ജസ്റ്റിസ് വർമയ്ക്ക് പങ്കുണ്ടെന്ന റിപ്പോർട്ട് സഹിതമാണ് ശുപാർശ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കൈമാറിയത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് വർമയിൽ നിന്നു പ്രതികരണം തേടിയെങ്കിലും അദ്ദേഹം രാജിവയ്ക്കാനോ സ്വയം വിരമിക്കാനോ തയാറായില്ലെന്നും സൂചനയുണ്ട്. ജസ്റ്റിസ് വർമയുടെ പ്രതികരണവും ചീഫ് ജസ്റ്റിസ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കൈമാറി. ഫലത്തിൽ, കുറ്റവിചാരണ നടപടികളുടെ കാര്യത്തിൽ സർക്കാരിന്റെ തീരുമാനം പ്രധാനമാകും. കേസിലെ എല്ലാ വിവരങ്ങളും റിപ്പോർട്ടുകളും അപ്പപ്പോൾ പ്രസിദ്ധീകരിച്ച ചീഫ് ജസ്റ്റിസ് അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തിയിട്ടില്ല. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കൈമാറിയ കത്തിലെ ഉള്ളടക്കവും വെളിപ്പെടുത്തിയിട്ടില്ല. കുറ്റവിചാരണ ശുപാർശ ചെയ്തുവെന്ന കാര്യത്തിൽ സുപ്രീം കോടതി സ്ഥിരീകരണത്തിനും തയാറായിട്ടില്ല.കോടതികളുടെയും ജഡ്ജിമാരുടെയും സുതാര്യത സംബന്ധിച്ചു ചോദ്യമുയർത്തിയ സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടിയന്തര ഇടപെടലുകളാണു നടത്തിയത്. വസ്തുതകൾ കണ്ടെത്താനാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, മലയാളിയും കർണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമൻ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചത്. ജഡ്ജിക്ക് വ്യക്തമായ പങ്കും അറിവുമുണ്ടെന്ന തരത്തിലാണ് ഇവർ റിപ്പോർട്ട് നൽകിയതെന്നാണ് വിവരം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന 13നു വിരമിക്കാനിരിക്കെ റിപ്പോർട്ടിന്മേൽ അടിയന്തര നടപടികളാണ് അദ്ദേഹം കൈക്കൊള്ളുന്നത്.കഴിഞ്ഞ മാർച്ച് 14നു ജസ്റ്റിസ് വർമയുടെ വീടിനോടു ചേർന്ന സ്റ്റോർമുറിയിൽ തീപിടിത്തമുണ്ടായതിനെ തുടർന്നു സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സ് സംഘവുമാണ് നോട്ടുകെട്ടുകൾ അടങ്ങിയ ചാക്കുകൾ കണ്ടെത്തിയത്. ഈ സമയം ജസ്റ്റിസ് വർമയും ഭാര്യയും ഭോപാലിലായിരുന്നു. സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മൂന്നംഗ അന്വേഷണ സംഘത്തെ നിയോഗിച്ചത്. തുടർന്നാണ് ആരോപണവിധേയനായ ജസ്റ്റിസ് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയത്. ഇതു വലിയ എതിർപ്പുകൾക്ക് ഇടയാക്കിയതിനെ തുടർന്ന് അദ്ദേഹത്തിന് ചുമതലകൾ നൽകിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.