കേരളത്തിൽ സ്വർണവിലയിൽ (Kerala gold price) വീണ്ടും ഇടിവ്. ഗ്രാമിന് (gold rate) ഇന്ന് 20 രൂപ കുറഞ്ഞ് വില 8,755 രൂപയും പവന് 160 രൂപ കുറഞ്ഞ് 70,040 രൂപയുമായി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രം, അതായത് അക്ഷയതൃതീയ കഴിഞ്ഞശേഷം ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയും കുറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനിടെ ഇടിഞ്ഞത് ഗ്രാമിന് 535 രൂപയും പവന് 4,280 രൂപയും.
ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 99 നിലവാരത്തിൽ നിന്ന് 100ലേക്ക് ഉയർന്ന് കരുത്താർജ്ജിച്ചതും യുഎസും ചൈന ഉൾപ്പെടെ മറ്റു പ്രമുഖ രാജ്യങ്ങളുമായുള്ള വ്യാപാരത്തർക്കം ശമിക്കുന്നതും രാജ്യാന്തര വിലയെ താഴേക്ക് നയിച്ചതാണ് കേരളത്തിലും വില കുറയാനിടയാക്കിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം (Indian Rupee) 71 പൈസ മുന്നേറി 7-മാസത്തെ ഉയരമായ 83.78ൽ എത്തിയതും ഇന്നു വില കുറയാൻ സഹായിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളും രാജ്യാന്തര വിലയെ താഴ്ത്തി.എന്നാൽ, വില വീണ്ടും കൂടുന്നതിന്റെ സൂചനയാണ് ഇപ്പോൾ രാജ്യാന്തര വില നൽകുന്നത്. കഴിഞ്ഞമാസം രേഖപ്പെടുത്തിയ ഔൺസിന് 3,500 ഡോളർ എന്ന റെക്കോർഡിൽ നിന്ന് 3,212 ഡോളറിലേക്ക് കൂപ്പുകുത്തിയ രാജ്യാന്തര വില, ഇപ്പോൾ 3,256 ഡോളറിലേക്ക് തിരിച്ചുകയറി. വില കുറഞ്ഞുനിന്നപ്പോൾ വാങ്ങൽതാൽപര്യം വർധിച്ചത് വില വീണ്ടും ഉയരാൻ വഴിയൊരുക്കുന്നു. അമേരിക്കയിലെ തൊഴിലില്ലായ്മക്കണക്ക് ഉടൻ പുറത്തുവരും.തൊഴിൽ കണക്കുകൾ നിരാശപ്പെടുത്തിയാൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ തയാറായേക്കും. പലിശ കുറഞ്ഞാൽ ഡോളറും ബോണ്ട് യീൽഡും തളരും. ഇത് സ്വർണത്തിന് വീണ്ടും ‘സുരക്ഷിത നിക്ഷേപം’ (സേഫ്-ഹാവൻ) എന്ന പെരുമ നൽകുകയും വില കൂടുകയും ചെയ്യും. മാർച്ചിൽ 2.28 ലക്ഷം പുതിയ തൊഴിലുകൾ അമേരിക്കയിൽ സൃഷ്ടിക്കപ്പെട്ടിരുന്നു. ഏപ്രിലിൽ പ്രതീക്ഷിക്കുന്നത് 1.3 ലക്ഷം മാത്രം.കേരളത്തിൽ 18 കാരറ്റ് സ്വർണവിലയിലും ഇന്നു കുറവുണ്ട്. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) കണക്കുപ്രകാരം വില ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,240 രൂപയായി. ഇന്നലെ 205 രൂപ കുറഞ്ഞിരുന്നു. വെള്ളിക്കു വില ഗ്രാമിന് മാറ്റമില്ലാതെ 107 രൂപ. അതേസമയം, എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്ന് 18 കാരറ്റിനു നൽകിയിരിക്കുന്ന വില ഗ്രാമിന് 10 രൂപ കുറച്ച് 7,185 രൂപയാണ്. വെള്ളി വില ഗ്രാമിന് 109 രൂപയിലും നിലനിർത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.