കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. മെഡിക്കൽ കോളജ് പിഎംഎസ് എസ്‌വൈ ബ്ലോക്ക് കെട്ടിടത്തിലെ അത്യാഹിതവിഭാഗത്തിലെ യുപിഎസ് റൂമിൽ രാത്രി 7.40നാണ് പൊട്ടിത്തെറി ഉണ്ടായത്. തുടർന്നു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പുക വ്യാപിച്ചു. ഇതോടെ മെഡിക്കൽ കോളജ് അധികൃതരും പൊലീസും നാട്ടുകാരും ചേർന്നു രോഗികളെ പുറത്തേക്കു മാറ്റി. അടിയന്തരമായി ആംബുലൻസുകൾ വിളിച്ചുവരുത്തി നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കു മാറ്റുകയായിരുന്നു. വെള്ളിമാടുകുന്നിൽനിന്നും ബീച്ചിൽനിന്നും 3 യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് പുക നിയന്ത്രണവിധേയമാക്കിയത്.
അത്യാഹിതവിഭാഗത്തിൽ ഉണ്ടായിരുന്നവർ അടക്കം 30 രോഗികളെ നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കും ബാക്കിയുള്ളവരെ മെഡിക്കൽ കോളജിലെ തന്നെ മറ്റു വാർഡുകളിലേക്കും മാറ്റി. അത്യാഹിതവിഭാഗം പൊലീസ് പൂർണമായും അടച്ചു. മെഡിക്കൽ കോളജിലെ അത്യാഹിതവിഭാഗം ബീച്ച് ആശുപത്രിയിലേക്കു താൽക്കാലികമായി മാറ്റി. പൊട്ടിത്തെറിക്കു മുൻപു രണ്ടു തവണ വൈദ്യുതി നിലച്ചതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. ആശുപത്രിയുടെ മൂന്നാംനില വരെ പുക എത്തിയിരുന്നു. ഈ സമയം വെന്റിലേറ്ററിൽ ഉൾപ്പെടെ ഗുരുതരാവസ്ഥയിൽ 16 രോഗികളും 60 മറ്റു രോഗികളും അത്യാഹിതവിഭാഗത്തിൽ ഉണ്ടായിരുന്നു. അവരെ ഐസിയു സൗകര്യമുള്ള ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മെഡിക്കൽ കോളജ് കെട്ടിടത്തിലെ മറ്റൊരു ഐസിയുവിനോടു ചേർന്ന് വെന്റിലേറ്റർ സൗകര്യമുള്ള 15 കട്ടിലുകൾ ഒരുക്കി അവിടേക്കും രോഗികളെ മാറ്റി. സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങളിലും ഒഴിവുള്ള സ്ഥലങ്ങളിലുമെല്ലാം രോഗികളെ കിടത്താൻ സൗകര്യം ഒരുക്കിയിരുന്നു. അടിയന്തര ശസ്ത്രക്രിയകൾക്കു പഴയ ഓപ്പറേഷൻ തിയറ്ററിലും സൗകര്യം ഒരുക്കി.അത്യാഹിത വിഭാഗത്തിലെ നാലാം നിലയിലെ നാലു രോഗികളെ ആശുപത്രിയിൽനിന്ന് മാറ്റേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചു. ഇവർ നാലുപേരും വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ്. നാലാം നിലയിൽ പുക എത്തിയിട്ടില്ലാത്തതിനാൽ ഇവരുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഇവർക്കൊപ്പം ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉണ്ടെന്നും അധികൃതർ പറഞ്ഞു.കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം
0
ശനിയാഴ്ച, മേയ് 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.