ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ 220 ലധികം യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനത്തിന് അടിയന്തര സാഹചര്യത്തിൽ തുണയായത് ഇന്ത്യൻ വ്യോമസേനയുടെ പിന്തുണ.
ബുധനാഴ്ച രാത്രി വടക്കേ ഇന്ത്യയിൽ ഉണ്ടായ മോശം കാലാവസ്ഥയെ തുടർന്ന് 6E-2142 എന്ന വിമാനം ആകാശച്ചുഴിയിൽ പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. കനത്ത ആലിപ്പഴ വീഴ്ചയും വിമാനത്തിൻ്റെ സുഗമമായ സഞ്ചാരത്തിന് തടസ്സമായിരുന്നു. മോശം കാലാവസ്ഥയെ മറികടക്കാൻ പൈലറ്റ് പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച് വിമാനത്തിന് ഗതിമാറ്റം നടത്താൻ അനുമതി തേടിയിരുന്നു.എന്നാൽ ലാഹോർ എയർ ട്രാഫിക് കൺട്രോൾ ആ അഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ വിമാനത്തിന് ഇന്ത്യൻ വ്യോമസേന തുണയാകുകയായിരുന്നു. വിമാനത്തിൻ്റെ പൈലറ്റ് ഇന്ത്യൻ വ്യോമസേനയുടെ നോർത്തേൺ കമാൻഡുമായി അടിയന്തരമായി ബന്ധപ്പെട്ടതിനെ തുടർന്ന് വേണ്ട മുന്നറിയിപ്പുകൾ ഇവർ നൽകിയിരുന്നു
പാകിസ്ഥാൻ അനുമതി നിഷേധിച്ചതോടെ വിമാനം ശ്രീനഗറിലേക്കുള്ള ഗതി മാറ്റി. പ്രതികൂല സാഹചര്യങ്ങളിലൂടെ വിമാനത്തെ നയിക്കുന്നതിനും സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കുന്നതിനും കൺട്രോൾ വെക്ടറുകളും ഗ്രൗണ്ട് സ്പീഡ് അപ്‌ഡേറ്റുകളും ഉൾപ്പെടെയുള്ള തത്സമയ സഹായം ഇന്ത്യൻ വ്യോമസേന നൽകി. ശ്രീനഗറിനടുത്തേക്ക് അടുക്കുമ്പോൾ ആലിപ്പഴ വീഴ്ച ശക്തമായതിനെ തുടർന്ന് വിമാനത്തിൽ മിഡ്-എയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.ഇന്ത്യൻ വ്യോമസേനയുടെ കൂടി സഹായത്തോടെ വൈകുന്നേരം 6:30ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ആകാശത്ത് ഉണ്ടായ കനത്ത പ്രക്ഷുബ്ധതയിൽ വിമാനത്തിൻ്റെ റാഡോമിന് (മൂക്കിന്) കാഴ്ചയിൽ വ്യക്തമാകുന്ന കേടുപാടുകൾ സംഭവിച്ചിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടൻ എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയായിരുന്നു.
ഡെറക് ഒബ്രിയൻ, നദിമുൽ ഹഖ്, സാഗരിക ഘോഷ്, മനസ് ഭൂനിയ, മമത താക്കൂർ എന്നിവർ അടക്കം അഞ്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ വിമാനത്തിൽ ഉണ്ടായിരുന്നു.പാകിസ്താൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച NOTAM (വിമാനക്കാർക്കുള്ള അറിയിപ്പ്) - A0220/25 -പ്രകാരമായിരുന്നു വ്യോമാതിർത്തിയിൽ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചതെന്ന് ഇന്ത്യൻ വ്യോമസേന വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ നിർദ്ദേശം പ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സിവിലിയൻ, സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് വിലക്കുണ്ട്. മെയ് 23 അർദ്ധരാത്രി വരെ ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വ്യോമാതിർത്തി നിരോധനം ജൂൺ 24വരെ നീട്ടിയതായി പാകിസ്താൻ വെള്ളിയാഴ്ച അറിയിച്ചിട്ടുണ്ട്.ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്‍ ഇന്ത്യയിലേക്കുളള വ്യോമാതിര്‍ത്തി അടച്ചത്. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാനും അനുവാദമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.