മോസ്കോ: യുക്രെയ്നുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. സംഘർഷം ഒത്തുതീർപ്പ് ആക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇസ്താംബൂളിൽ മെയ് 15 ന് യുക്രെയ്നുമായി നേരിട്ട് ചർച്ചകൾ നടത്താൻ റഷ്യ നിർദ്ദേശിക്കുകയാണെന്ന് പുടിൻ പറഞ്ഞു.
ചർച്ചകൾക്ക് സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗാനുമായി സംസാരിക്കും. ഇത് വെടിനിർത്തലിലേക്ക് നയിച്ചേക്കാമെന്നും പുടിൻ കൂട്ടിച്ചേർത്തു. പുടിന്റെ നിർദ്ദേശത്തോട് യുക്രെയ്ൻ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.വെടിനിർത്തൽ കരാറിന് തയ്യാറാണെന്ന് യുക്രെയ്ൻ നേരത്തെ സമ്മതം അറിയിച്ചിരുന്നു. പക്ഷേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യൂറോപ്യൻ നേതാക്കളുടെയും സമർദ്ദം നിലനിന്നപ്പോഴും സംഘർഷം അവസാനിപ്പിക്കുന്നതിന് റഷ്യ സമ്മതം അറിയിച്ചിരുന്നില്ല.
കൂടാതെ വെടിനിർത്തൽ കരാറിന് റഷ്യ സമ്മതിക്കണമെന്ന ആവശ്യം ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഇന്നലെ കീവിൽ എത്തിയിരുന്നു. യുക്രെയ്നെ പിന്തുണച്ച് കൊണ്ടായിരുന്നു നേതാക്കളുടെ സന്ദർശനം.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എന്നിവർ ഇന്നലെ കീവിൽ എത്തുകയും യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
ആദ്യമായാണ് യൂറോപ്യൻ നേതാക്കൾ ഇത്തരത്തിലൊരു സംയുക്ത സന്ദർശനം നടത്തുന്നത്. എന്നാൽ യൂറോപ്യൻ നേതാക്കൾ നിർദ്ദേശിച്ച വെടിനിർത്തൽ അന്ത്യശാസനം വ്‌ളാഡിമിർ പുടിൻ നിരസിക്കുകയാണ് ചെയ്തത്. കീവുമായി നേരിട്ടുളള ചർച്ചകൾ നടത്താനും നേതാക്കൾ നിർദ്ദേശിച്ചുവെങ്കിലും പുടിൻ തയ്യാറല്ലെന്നാണ് അറിയിച്ചിരുന്നത്.അമേരിക്കൊപ്പം യൂറോപ്യൻ നേതാക്കളെല്ലാം പുടിനെതിരെ ശബ്ദമുയർത്തുകയാണ്. സമാധാനത്തിന് പരിഗണന നൽകുന്നതിന് പുടിന് ഇപ്പോൾ അവസരം വന്നിരിക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ കീവിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
നിരുപാധികമായ വെടിനിർത്തൽ ആവശ്യപ്പെടുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും അറിയിച്ചു. പുടിൻ സമാധാനത്തോട് വിയോജിപ്പാണ് പ്രകടിപ്പിക്കുന്നതെങ്കിൽ ട്രംപിനൊപ്പം ചേർന്ന് റഷ്യക്കെതിരെയുളള ഉപരോധങ്ങൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു
റഷ്യ നിയമവിരുദ്ധമായ അധിനിവേശം അവസാനിപ്പിക്കണം. നിയമ വിരുദ്ധ അധിനിവേശത്തിനെതിരെ ഫ്രാൻസ്, ജർമ്മനി, പോളണ്ട്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ നേതാക്കൾ യുക്രെയ്നോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് ആഹ്വാനം ചെയ്ത് കൊണ്ടായിരുന്നു നേതാക്കളുടെ സന്ദർശനം.
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികൾക്കുള്ളിൽ സുരക്ഷിതത്വം ഉറപ്പാക്കണം. വരും തലമുറയ്ക്കായി പരമാധികാരവുമുള്ള ഒരു രാഷ്ട്രമായി യുക്രെയ്ൻ മാറണം. യുക്രെയ്നുളള പിന്തുണ യൂറോപ്യൻ നേതാക്കൾ തുടരും. റഷ്യ ഒരു ശാശ്വത വെടിനിർത്തലിന് സമ്മതിക്കുന്നതുവരെ യുദ്ധ യന്ത്രത്തിൽ ഞങ്ങൾ സമ്മർദ്ദം വർധിപ്പിക്കുന്നതായിരിക്കുമെന്നും സന്ദർശനത്തിന് മുന്നേ നേതാക്കൾ അറിയിച്ചിരുന്നു.
അതേസമയം, രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്‍റെ വാർഷികാഘോഷം കഴിഞ്ഞ ദിവസം റഷ്യയിൽ നടന്നിരുന്നു. റഷ്യൻ പരേഡിൽ പങ്കെടുക്കുന്നതിനായി ചൈനീസ് നേതാവ് ഷി ജിൻപിങ് ഉൾപ്പെടെയുളള നേതാക്കൾ റഷ്യ സന്ദർശിച്ചിരുന്നു.
2022 ൽ റഷ്യ യുക്രെയ്നിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം വാർഷികാഘോഷം കാര്യമായ രീതിയിൽ നടത്തിയിരുന്നില്ല. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, സെർബിയ പ്രസിഡന്റ് അലക്സാണ്ടർ വുസിക്, വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ, പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
യൂറോപ്യൻ യൂണിയൻ അംഗരാജ്യമായ സ്ലൊവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയും പരിപാടിയുടെ ഭാഗമായി റഷ്യയിൽ എത്തിയിരുന്നു. യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് റോബർട്ട് ഫിക്കോയും പരേഡിൽ പങ്കെടുത്തത്. പരേഡിൽ പങ്കെടുത്ത ഏക യൂറോപ്യൻ യൂണിയൻ നേതാവും ഫിക്കോ ആയിരുന്നു.റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പ്രത്യേക ക്ഷണ പ്രകാരമായിരുന്നു നേതാവിന്റെ മോസ്കോ സന്ദർശനമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.