തിരുവനന്തപുരം: കപ്പൽ അപകടം വലിയ ആശങ്ക ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി. എന്നാൽ വിവരം കിട്ടിയ ഉടൻ മുന്നറിയിപ്പ് കൊടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുങ്ങിയ കപ്പലിൻ്റെ സ്ഥാനം കണ്ടെത്താൻ ഉള്ള സർവേ തുടങ്ങും. കണ്ടെത്തിയാൽ ബോയെ കെട്ടി തിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപകടത്തെ തുടർന്ന് ഊഹാപോഹം പ്രചരിക്കുന്നുവെന്നും അതിൽ ആരും വീണ് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കപ്പൽ അടിത്തട്ടിൽ മുങ്ങിയത് കൊണ്ട് പ്രശ്നമില്ല. കാൽത്സ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നർ അടിത്തട്ടിലേയ്ക്ക് മുങ്ങിയിരിക്കാം. അതിനാൽ അപകടമില്ല. കടൽ മത്സ്യം ഉപയോഗിക്കുന്നതിൽ അപകടമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കപ്പലിൽ ഉണ്ടായിരുന്നത് 640 കണ്ടെയ്നർ ആയിരുന്നു. ഇതിൽ 73 എണ്ണം കാലിയായിരുന്നു. 13 എണ്ണത്തിൽ കാത്സ്യം കാർബൈഡ് ഉണ്ടായിരുന്നു. 100 കണ്ടെയ്നറുകൾ കടലിൽ വീണ് കാണുമെന്നും അതിൽ 54 കണ്ടെയ്നർ തീരത്ത് അടിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തടി, പഴങ്ങൾ, തുണി, റബ്ബർ കോംപൌണ്ട് എന്നിവയും കണ്ടെയ്നറിൽ ഉണ്ട്. ചെറിയ പ്ലാസ്റ്റിക് തരികൾ തീരത്ത് അടിഞ്ഞ് കൂടിയിട്ടുണ്ടെന്നും അത് വൃത്തിയാക്കി തുടങ്ങിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തീരത്തിൻ്റെ സംരക്ഷണം പ്രധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കപ്പൽ കേരള തീരത്ത് നിന്ന് മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.തീരപ്രദേശത്തെ പ്രയാസം ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കേരള തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ കസ്റ്റംസിന് കൈമാറും. നിലവിൽ 20 കണ്ടെയ്നറുകൾ കൈമാറിയെന്നും ബാക്കിയുള്ളവ കൊല്ലത്ത് കൊണ്ടുപോയി കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജൂൺ 3ന് ഇന്ധനം പുറത്തെടുക്കുമെന്നും കാലവർഷത്തിന് ശേഷമാകും കപ്പൽ നീക്കം ചെയ്യുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുഴകളിൽ വെള്ളം കൂടുന്നുവെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവർ മാറി താമസിക്കണം. ബന്ധു വീട്ടിലേയ്ക്ക് അല്ലെങ്കിൽ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണം. പഞ്ചായത്ത് തലത്തിൽ എമർജൻസി റെസ്പോൺസ് ടീം ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാട്ട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി മഴവിവരം കൈമാറണം. 59 ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിതീവ്ര മഴ ഉണ്ടാകുമെന്നും ചുരുങ്ങിയ സമയത്ത് കൂടുതൽ മഴ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.വൈദ്യുത കമ്പികൾ പൊട്ടി കിടക്കാൻ സാധ്യതയുണ്ടെന്നും ശ്രദ്ധയിൽ പെട്ടാൽ 9496010101 കെഎസ്ഇബി നമ്പറിലോ അറിയിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു മത്സ്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ കുടുംബത്തിനും 1000 രൂപ കൊടുക്കും. ആറ് കിലോ സൗജന്യ റേഷൻ കൊടുക്കും.
20 നോട്ടിക്കൽ മൈൽ പ്രദേശം ഒഴിവാക്കി മീൻ പിടിക്കാൻ പോകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നെസ് വേണമെന്നും ഇല്ലാത്തവയിൽ ക്ലാസ് നടത്താൻ പാടില്ലെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സ്കൂൾ പരിസരം വൃത്തിയാക്കണം. വെള്ളക്കെട്ട്, കുളങ്ങൾ, കിണർ എന്നിവയ്ക്ക് സുരക്ഷാ ഭിത്തി വേണം.
സ്കൂളിൽ പാമ്പ് ശല്യം ഇല്ലായെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.