കീവ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. നയതന്ത്ര ചർച്ചകൾ തുടരാൻ യുക്രെയ്ൻ അഭ്യർത്ഥിക്കുന്നതായും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു.
ദക്ഷിണേഷ്യൻ മേഖലയിലെ സുരക്ഷാ സ്ഥിതി കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കുകയും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും പ്രസ്താവനയിലുണ്ട്. അതേ സമയം, സംഘർഷം അവസാനിപ്പിക്കാൻ എന്ത് സഹായവും ചെയ്യാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു.എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുമെങ്കിൽ താൻ അവിടെ ഉണ്ടാകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പ്രതികരിച്ചു. ഇത് വളരെ ഭയാനകമാണ്. എനിക്ക് ഇരു രാജ്യങ്ങളെയും നന്നായി അറിയാം. ഇരുവരുമായും നല്ല ബന്ധമാണ്.
സംഘർഷം അവസാനിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ ഞാൻ അവിടെ ഉണ്ടാകും," ട്രംപ് പറഞ്ഞു. ഇന്ത്യ-പാകിസ്താൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്ന് നേരത്തേ ട്രംപ് പ്രതികരിച്ചിരുന്നു. സംഘർഷം വളരെ വേഗം അവസാനിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു.അതേസമയം, ഇന്ത്യ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യം. കശ്മീരിൽ നിയന്ത്രണങ്ങൾ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണ്.
അതിർത്തി സംസ്ഥാനങ്ങളിൽ പ്രത്യേക നിരീക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടെന്ന സൂചനയും സൈന്യം നൽകുന്നുണ്ട്. പാക് പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്നാണ് മുന്നറിയിപ്പ്. പാകിസ്താന്റെ സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ആക്രമിക്കാൻ മടിക്കില്ലെന്നും മുന്നറിയിപ്പുണ്ട്.
പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ കഴിഞ്ഞ ദിവസം ഒരു സൈനികനുപ്പെടെ ജീവൻ നഷ്ടമായിരുന്നു. വീടുകൾക്കും വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കുമടക്കം നാശനഷ്ടമുണ്ടായി. പൂഞ്ചിലും ജമ്മു മേഖലയിലെ രജൗരിയിലും വടക്കൻ കശ്മീരിലെ ബാരാമുള്ള, കുപ് വാര എന്നിവിടങ്ങളിലുമുള്ള നിവാസികൾ അക്രമണത്തിന് പിന്നാലെ പലായനം ചെയ്തു.
ചിലർ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടിയിട്ടുണ്ട്.കഴിഞ്ഞ ദിവസം പുലർച്ചെ 1.05 മുതൽ 1.30 വരെ പാകിസ്താനെതിരെ ശക്തമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക ആക്രമണത്തിൽ പാകിസ്താനിലെ ഭവൽപൂർ, മുറിട്‌കെ, സിലാൽകോട്ട്, കോട്‌ലി, ഭിംബീർ, ടെഹ്‌റകലാൻ, മുസഫറബാദ് എന്നിവിടങ്ങളിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്.
ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്റെ കുടുംബത്തിലെ 10 പേരടക്കം 32 പേർ കൊല്ലപ്പെട്ടതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എട്ട് മരണമെന്നാണ് പാക് സൈന്യം പറയുന്നത്. ആക്രമണത്തിനുപിന്നാലെ വ്യോമാക്രമണത്തിന് സാധ്യതയുളള, പാകിസ്താന് തൊട്ടടുത്തുളള 10 വിമാനത്താവളങ്ങൾ ഇന്ത്യ അടച്ചിട്ടിരുന്നു. ഇന്ത്യയുടേത് യുദ്ധ പ്രഖ്യാപനമാണ് എന്നാണ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.