മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ഇന്ന്, പുതിയപാപ്പയെ കാത്ത് ലോകം.

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ഇന്ന് ഇന്ത്യൻ സമയം രാത്രി 8ന് തുടങ്ങും. വോട്ടവകാശമുള്ളവരിൽ 133 കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കും. 89 വോട്ട് ലഭിക്കുന്നയാൾ കത്തോലിക്കാസഭയുടെ ഇടയനാകും.

വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിക്കും. സാന്താ മാർത്ത അതിഥിമന്ദിരത്തിലേക്കു മടങ്ങുന്ന വോട്ടർമാർ ഇന്ത്യൻ സമയം 7.45ന് പോളീൻ ചാപ്പലിനു മുന്നിൽ സകലവിശുദ്ധരുടെയും ലുത്തിനിയ ചൊല്ലിയും പരിശുദ്ധാരൂപിയുടെ വരവിനായുള്ള പ്രാർഥനാഗാനം ആലപിച്ചും സിസ്റ്റീൻ ചാപ്പലിലേക്കു നീങ്ങും.

കർദിനാൾമാർ ബൈബിളിൽ തൊട്ടു സത്യംചെയ്ത ശേഷമാകും വോട്ടെടുപ്പ്. ഇന്ന് ഒരു തവണയേ വോട്ടെടുക്കൂ. അതിൽ പാപ്പ തിരഞ്ഞെടുക്കപ്പെടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പകരം, ആരൊക്കെയാണു പരിഗണിക്കപ്പെടുന്നതെന്ന സൂചന കോൺക്ലേവ് അംഗങ്ങൾക്കു ലഭിക്കാം. 

നാളെ മുതൽ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും 2 വീതം ആകെ 4 തവണ വോട്ടെടുപ്പുണ്ടാകും. 2013 ൽ, രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.ഇത്തവണ തിരഞ്ഞെടുപ്പു നീളുമെന്നു പ്രവചിക്കുന്നവർ പല കാരണങ്ങൾ സൂചിപ്പിക്കുന്നു. 

ആദ്യമായാണ് 120ൽ ഏറെപ്പേർ വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്; എണ്ണത്തിലെ വർധന ഒരാൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലെത്തുന്നതു നീണ്ടുപോകാൻ കാരണമാകാം. ഫ്രാൻസിസ് പാപ്പയുടെ കാലത്തുതന്നെ സഭയുടെ നിലപാടുകളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതിന്റെ തുടർച്ചയെന്നോണം, പുതിയ പാപ്പ എത്തരത്തിലുള്ള വ്യക്തിയാകണം എന്നതിൽ ശക്തമായ കാഴ്ചപ്പാടുകൾ കർദിനാൾമാർക്കുണ്ട്.

പലരും ഒത്തുതീർപ്പുകൾക്കു തയാറാകണമെന്നില്ല. എന്നാൽ, കോൺക്ലേവ് നീണ്ടുപോകുന്നത് സഭയിൽ ഭിന്നതയെന്ന പ്രതീതി സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കാനെന്നോണം ആദ്യ 3 ദിവസത്തിനകം തീരുമാനത്തിലെത്താനുള്ള ശ്രമം ഉണ്ടാകുമെന്നും വിലയിരുത്തുന്നവരുമുണ്ട്. പട്ടികയും സാധ്യതയും ‘മാർപാപ്പയായി കോൺക്ലേവിൽ പ്രവേശിക്കുന്നയാൾ കർദിനാളായി തിരികെയിറങ്ങും’ എന്നാണു പറയാറുള്ളത്. 

സാധ്യതപ്പട്ടികയിൽ ഉൾപ്പെടുന്നവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ പ്രയോഗം. ഇത്തവണയും പല സാധ്യതപ്പട്ടികകളുണ്ട്. എന്നാൽ, ഇവയിലൊന്നും ഉൾപ്പെടാത്തയാൾ ഭൂരിപക്ഷം നേടുമെന്നു പ്രതീക്ഷിക്കുന്നവർ ഏറെയാണ്. കോൺക്ലേവിനു മുന്നോടിയായി കർദിനാൾമാർ 12 തവണ യോഗം ചേർന്നിരുന്നു. സാധ്യതപ്പട്ടികയിലുള്ളവർ അടക്കമുള്ള കർദിനാൾമാർ യോഗങ്ങളിൽ നിലപാടു വ്യക്തമാക്കി.

 അതിനുശേഷമുള്ള പട്ടികകളിലെ ചില പേരുകൾ ഇവ

കർദിനാൾ മാൽക്കം രഞ്ജിത് (77): ശ്രീലങ്ക. കൊളംബോ ആർച്ച്ബിഷപ്. വത്തിക്കാൻ വിദേശകാര്യ സർവീസിലുൾപ്പെടെ പ്രവർത്തിച്ചു. 10 ഭാഷകളിൽ പ്രാവീണ്യം.

കർദിനാൾ മാൽക്കം രഞ്ജിത് (Photo by Ishara S. KODIKARA / AFP)

കർദിനാൾ പീറ്റർ എർഡോ (72): ഹംഗറി. സഭാനിയമങ്ങൾ സംബന്ധിച്ചുൾപ്പെടെ പുസ്തകങ്ങൾ രചിച്ചു. നിലപാടുകളിൽ മധ്യപാത. എന്നാൽ, കുടിയേറ്റം ഉൾപ്പെടെ ചില വിഷയങ്ങളിൽ ഫ്രാൻസിസ് പാപ്പയോടു വിയോജിച്ചു.

കർദിനാൾ പീറ്റർ എർഡോ (Photo by OSSERVATORE ROMANO / AFP)

കർദിനാൾ ലൂയി അന്റോണിയോ ടാഗ്‌ലേ (67): ഫ്രാൻസിസ് പാപ്പയുടെ ശൈലിയോടുള്ള ആഭിമുഖ്യം കാരണം ‘ഏഷ്യൻ ഫ്രാൻസിസ്’ എന്നു വിശേഷണം. പ്രായം പ്രതികൂലഘടകമായേക്കാം.

കർദിനാൾ ലൂയി അന്റോണിയോ ടാഗ്‌ലേ (Photo by Tiziana FABI / AFP)

കർദിനാൾ ഫെർനാൻഡോ ഫിലോണി (79): ഇറ്റലി. പാപ്പയുടെ പ്രതിനിധിയായി ഇറാഖിൽ പ്രവർത്തിച്ചിട്ടുണ്ട്. ആഗോള കാഴ്ചപ്പാടുള്ള പാപ്പ വേണമെന്നു വാദിക്കുന്നവർക്ക് പ്രിയങ്കരൻ.

കർദിനാൾ ഫെർനാൻഡോ ഫിലോണി (Photo by Andreas SOLARO / AFP)

കർദിനാൾ ആൻഡേഴ്സ് അർബോറേലിയസ് (75): സ്വീഡനിൽനിന്നുള്ള ആദ്യ കർദിനാൾ. ലൂഥറൻ സഭയിൽനിന്ന് 20–ാം വയസ്സിൽ കത്തോലിക്കാസഭയിലെത്തി.

കർദിനാൾ ആൻഡേഴ്സ് അർബോറേലിയസ് (Photo by Dimitar DILKOFF / AFP)

കർദിനാൾ റോബർട്ട് സാറ (79): പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയിൽനിന്നുള്ള ഇദ്ദേഹം 1980 കളിൽ അവിടത്തെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ സ്വീകരിച്ച നിലപാട് ശ്രദ്ധേയമായി. വത്തിക്കാനിൽ പല ചുമതലകൾ വഹിച്ചു. യാഥാസ്ഥിതിക നിലപാട്.

കർദിനാൾ റോബർട്ട് സാറ (Photo by GABRIEL BOUYS and GABRIEL BOUYS / AFP)

കർദിനാൾ പിയെർബറ്റിസ്റ്റ പിസബെല്ല (60): ഇറ്റലി ലത്തീൻ സഭയുടെ ജറുസലം പാത്രിയർക്കീസ്. പശ്ചിമേഷ്യയിലെ മതവിഭാഗങ്ങളുമായി മികച്ച ബന്ധം. പ്രായക്കുറവ് പ്രതികൂലഘടകം.

കർദിനാൾ പിയെർബറ്റിസ്റ്റ പിസബെല്ല (Photo by Menahem KAHANA / AFP)

കർദിനാൾ പിയത്രോ പരോളിൻ മുൻനിരയിൽ തുടരുന്നു. കർദിനാൾ ഷോൺ മാർക് ആവ്‌ലിന് ഫ്രഞ്ച് ഭാഷ മാത്രമേ വശമുള്ളൂ എന്നതു പ്രതികൂലഘടകം. അധികാരപരമായി നോക്കുമ്പോൾ യുഎസിൽനിന്നു പാപ്പ ഉചിതമല്ലെന്ന സഭയുടെ അലിഖിത നിലപാട് കർദിനാൾ ജോസഫ് ടോബിനു തടസ്സമായി സൂചിപ്പിക്കപ്പെടുന്നു. എൽജിബിടി വിഭാഗത്തിനുവേണ്ടി വാദിക്കുന്നത് മാൾട്ടയിൽനിന്നുള്ള കർദിനാൾ മാരിയോ ഗ്രെക്കിനു പിന്തുണ കുറയാൻ കാരണമാകുന്നു. കർദിനാൾ പീറ്റർ കൊട്‌വോ ടർക്സ്ൻ, കർദിനാൾ യുവാൻ യോസെ ഒമെല്ല, കർദിനാൾ മറ്റിയോ മരിയ സൂപ്പി തുടങ്ങിയവരും സാധ്യതപ്പട്ടികയിലുണ്ട്.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !