ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ക്കും കശ്മീരികള്‍ക്കുമെതിരെ നീങ്ങരുതെന്ന് ആവശ്യപ്പെട്ട് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥന് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍.
തങ്ങള്‍ക്ക് സമാധാനവും നീതിയുമാണ് വേണ്ടതെന്നും ഹിമാന്‍ഷി പറഞ്ഞു. വിനയ് നര്‍വാളിന്റെ 27ാം പിറന്നാള്‍ ദിനമായ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹിമാന്‍ഷി.അവന് എവിടെയായിരുന്നാലും സന്തോഷത്തോടും ആരോഗ്യത്തോടെയുമിരിക്കാന്‍ രാജ്യത്തെ മുഴുവന്‍ പേരും പ്രാര്‍ത്ഥിക്കണം.ആളുകള്‍ കശ്മീരികള്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരെ തിരിയരുത്. നമുക്ക് സമാധാനമാണ് ആവശ്യം. ഞങ്ങള്‍ക്ക് നീതിയാണ് ആവശ്യം', ഹിമാന്‍ഷി പറഞ്ഞു. നര്‍വാളിന്റെ പിറന്നാള്‍ ദിനവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ കര്‍ണാലില്‍ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കര്‍ണാലിലെ കലാകാരന്മാരുടെയും ആക്ടിവിസ്റ്റുകളുടെയും എന്‍ ജി ഒ യാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
നിരവധിപ്പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്.ഏപ്രില്‍ 16നായിരുന്നു വിനയ് നര്‍വാളിന്റെയും ഹിമാന്‍ഷിയുടേയും വിവാഹം. ഹണിമൂണിന്റെ ഭാഗമായാണ് നവദമ്പതികള്‍ കശ്മീരിലെ പഹല്ഗാമിലെത്തിച്ചേര്ന്നത്. സ്വിറ്റ്സര്‍ലന്‍ഡിലോ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യത്തോ മധുവിധു ആഘോഷിക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം.എന്നാല്‍ അവസാനം എത്തിച്ചേര്‍ന്നത് മിനി സ്വിറ്റ്സര്‍ലന്‍ഡായ പഹല്‍ഗാമിലായിരുന്നു. ഇരുവരും ബൈസരന്‍ താഴ്വരയില് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ ഭീകരര്‍ ചാടി വീഴുകയായിരുന്നു ഒരു നിമിഷം തന്റെ ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ നിന്ന ഹിമാന്‍ഷിയുടെ മുന്പില് വിനയ് വെടിയേറ്റ് വീഴുകയായിരുന്നു.
ചേതനയറ്റ വിനയ്യുടെ ശരീരത്തിന് മുന്നില്‍ നിര്‍വികാരയായി ഇരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം പിന്നീട് രാജ്യത്തിന് തന്നെ വേദനയായി മാറി. രണ്ട് വര്‍ഷം മുന്‍പായിരുന്നു വിനയ് നര്‍വാള്‍ നാവികസേനയില്‍ ചേര്‍ന്നത്. ആദ്യ പോസ്റ്റിംഗ് കൊച്ചിയിലായിരുന്നു. പിന്നീട് ഇവിടെ തന്നെ സേവനം തുടരുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.