ബെംഗളൂരു: കൽബുർഗി ഡെപ്യൂട്ടി കമ്മീഷണറായ ഫൗസിയ താരാനും എന്ന ഉദ്യോഗസ്ഥക്കെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി നേതാവ്. എൻ രവികുമാർ എന്ന ബിജെപി നേതാവാണ് വിദ്വേഷ പരാമർശം നടത്തിയത്.
ഫൗസിയ ഐഎഎസ് ഓഫീസറാണോ എന്നും പാകിസ്താനിൽ നിന്നാണ് അവർ വരുന്നത് എന്നുമായിരുന്നു രവികുമാറിന്റെ പരാമർശം.ബിജെപി ലെജിസ്ലേറ്റീവ് കൗൺസിൽ നേതാവിനെ വീട്ടിൽ പൂട്ടിയിട്ടു എന്ന ആരോപണത്തിൽ ബിജെപി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.അതിനിടെയാണ് രവികുമാറിന്റെ വിദ്വേഷ പരാമർശം. വേദിയിൽ സംസാരിക്കുകയായിരുന്ന രവികുമാർ മുസ്ലിമായ ഡെപ്യൂട്ടി കമ്മീഷണർ ശരിക്കും ഈ രാജ്യത്തുനിന്നാണോ അതോ പാകിസ്താനിൽ നിന്നാണോ വരുന്നത് എന്ന് ചോദിച്ചു. ഇതിന് പ്രവർത്തകർ കയ്യടിച്ചു.
തുടർന്ന് ഈ കയ്യടി കേട്ടാൽ അവർ പാകിസ്താനിയാണെന് ഉറപ്പാണെന്നും രവികുമാർ പറഞ്ഞു. പരാമർശം വിവാദമായതോടെ രവികുമാറിനെതിരെ കൽബുർഗി സ്റ്റേഷൻ ബസാർ പൊലീസ് കേസെടുത്തു. നേരത്തെയും വിവാദ പരാമർശങ്ങൾ ഒരുപാട് നടത്തിയ നേതാവാണ് രവികുമാർ.
പട്ടികജാതി വിഭാഗങ്ങൾക്കെതിരെയും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുമുള്ള പരാമർശത്തിന് രവികുമാറിനെതിരെ മുൻപ് കേസെടുത്തിരുന്നു. രവികുമാറിനെതിരെ കർണാടക കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. രാജ്യത്തെമ്പാടുമുള്ള ബിജെപി നേതാക്കൾ ഇത്തരം പരാമർശങ്ങൾ നടത്തുകയാണെന്നും ഇത് ഇവരുടെ ജീർണിച്ച മനഃസ്ഥിതിയെയാണ് വെളിപ്പെടുത്തുന്നതെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖർഗെ പറഞ്ഞു.സ്വന്തം രാജ്യത്തെ ജനങ്ങളെ ഈ രീതിയിൽ വിശേഷിപ്പിക്കുന്നവരെ ഇന്ത്യക്കാർ എന്ന് വിശേഷിപ്പിക്കാനാകുമോ എന്നും പ്രിയങ്ക് ഖർഗെ ചോദിച്ചു. ഐഎഎസ് ഓഫീസർമാരുടെ സംഘടനയും രവികുമാറിന്റെ പരാമർശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. രവികുമാർ മാപ്പ് പറയണമെന്നും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നുമാണ് ഐഎഎസ് സംഘടനകൾ ആവശ്യപ്പെടുന്നത്.
നേരത്തെ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷാ കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയവിദ്വേഷ പരാമർശവും വലിയ വിവാദമായിരുന്നു. വിജയ് ഷായുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി രാജ്യം നിങ്ങളെയോർത്ത് ലജ്ജിക്കുന്നുവെന്നും ക്ഷമാപണം മുതലക്കണ്ണീരാകാമെന്നുമാണ് വിമർശിച്ചത്
മന്ത്രിയുടെ ക്ഷമാപണം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. തുടർന്ന് മന്ത്രിയുടെ ഹര്‍ജിയില്‍ മധ്യപ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. നിലവിൽ പരാമർശം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.