അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ പശുമാംസം കൈവശം വെച്ചെന്നാരോപിച്ച് മുസ്ലിം യുവാക്കളെ ഒരു സംഘം മർദിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. യുവാക്കളുടെ പക്കൽ ഉണ്ടായിരുന്നത് പശുമാംസം അല്ല എന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി കണ്ടെത്തി.
മെയ് 24നായിരുന്നു യുവാക്കൾക്ക് നേരെ മർദ്ദനമുണ്ടായത്. അലിഗഢിലെ 'ഗോ സംരക്ഷകർ' എന്നവകാശപ്പടുന്ന ഒരു കൂട്ടം ആളുകളാണ് യുവാക്കളെ മർദിച്ചത്. അഖിൽ, അർബാജ്, അകീൽ, നദീം എന്നിവർക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. അൽ അംബർ എന്ന ഫാക്ടറിയിൽ നിന്ന് ബീഫ് എടുത്തുവരുന്ന വഴിയിൽ ഒരു സംഘം യുവാക്കളെ തടയുകയായിരുന്നു.തുടർന്ന് മാംസം ഉണ്ടെന്ന് കണ്ടെത്തുകയും സംഭവം പുറത്തുപറയാതെ ഇരിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ യുവാക്കൾ സമ്മതിച്ചില്ല. ഇതോടെ സംഘം ക്രൂരമായ മർദ്ദനം അഴിച്ചുവിടുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തി യുവാക്കളെ രക്ഷപ്പെടുത്തിയിരുന്നു.തുടർന്ന് കൈവശമുണ്ടായിരുന്ന മാംസം പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ പരിശോധനാ ഫലത്തിലാണ് പശുവിന്റെ മാംസമല്ല എന്ന നിർണായകമായ കണ്ടെത്തലുണ്ടായത്. ഇതോടെ മർദ്ദനം നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പൊലീസിന് മേൽ സമ്മർദ്ദമുണ്ടാകുകയാണ്.
കേസിൽ രണ്ട് എഫ്‌ഐആർ ആണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു എഫ്‌ഐആറിൽ കണ്ടാൽ തിരിച്ചറിയാവുന്ന 25 പേരെയും മറ്റ് 13 പേരെയുമാണ് പ്രതി ചേർത്തിരിക്കുന്നത്. വിജയ് ഗുപ്ത, ഭാനു പ്രതാപ്, ലവ് കുശ്, വിജയ് ബജ്‌രംഗി എന്ന നാല് പേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.മർദ്ദനമേറ്റ അകീലിന്റെ പിതാവിന്റെ പരാതിയിലാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. അനധികൃതമായി സംഘം ചേരുക, കലാപം ഉണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കശാപ്പ് നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.