തൃശൂർ: താള, മേള, വാദ്യ, വർണ, വിസ്മയങ്ങളുടെ പൂരാവേശത്തിൽ തൃശൂർ. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് തുടങ്ങി. ഘടകപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ സന്നിധിയിലേക്ക് എത്തുകയാണ്.
പൂരത്തിന്റെ ഭാഗമായി കണിമംഗലം ശാസ്താവ് തട്ടകത്തിൽനിന്നു പുറപ്പെട്ട് വടക്കുംനാഥ സന്നിധിയിലേക്ക്. തൃശൂർ നഗരത്തിൽ എത്തുന്ന ആദ്യ പൂര കാഴ്ചയാണിത്. ഘടകപൂരങ്ങളുടെ വരവിനു മുന്നോടിയായി തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും രാവിലെ 6 മുതൽ ഗതാഗത നിയന്ത്രണം തുടങ്ങി.പൂരം അവസാനിക്കുന്നത് വരെ യാതൊരുവിധ വാഹനങ്ങളും റൗണ്ടിലേക്ക് കടത്തിവിടില്ല. സ്വകാര്യവാഹനങ്ങള്‍ക്ക് റൗണ്ടിന്റെ ഔട്ടര്‍ റിങ്ങ് വരെ മാത്രമാണ് പ്രവേശനാനുമതി. നഗരത്തിനുള്ളിലെ തദ്ദേശവാസികളുടെ വാഹനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിനായി വാഹനത്തിന്റെ നമ്പരും തിരിച്ചറിയല്‍ രേഖയും കരുതണമെന്നാണ് പൊലീസ് അറിയിപ്പ്.
ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാൻഡിനും നോര്‍ത്ത് ബസ് സ്റ്റാൻഡിനും പുറമേ, വെസ്റ്റ് ഫോര്‍ട്ട് ജംക്‌ഷനില്‍ താല്‍ക്കാലിക ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചു. ഒല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ മുണ്ടുപാലം ജംക്‌ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എസ്‌കെടി സൗത്ത് റിങ്ങ് വഴി തിരിച്ചു വിട്ട് റോഡ് വൺവേയാക്കി.
എങ്ങും ആവേശം കണക്കനുസരിച്ച് പൂരം നാൾ നാളെയാണെങ്കിലും ലോകം കാത്തിരിക്കുന്ന ആ പൂരം ഇന്നാണ്. ഉത്രം അധിക രാവുള്ള ദിവസത്തിനു തലേന്ന് പൂരം എന്നാണ് തൃശൂർ പൂരത്തിന്റെ കണക്ക്. അങ്ങനെ, ഇക്കുറി മകം നാളിൽ പൂരമെത്തി. അല്ലെങ്കിലും ചട്ടപ്പടി നിൽക്കുന്നതല്ല ഈ പൂരവും പൂരാവേശവും.
ഇന്നലെ തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി ഗജവീരൻ എറണാകുളം ശിവകുമാർ പുറത്തേക്ക് എഴുന്നള്ളിയതോടെ പൂരത്തിനു വിളംബരമായി. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി – ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും.രാവിലെ 7.30ന് കണിമംഗലം ശാസ്താവ് ആണ് ആദ്യം എഴുന്നള്ളി എത്തുക. തുടർന്ന് ചെമ്പൂക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി, ലാലൂർ ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോൾ ഭഗവതി, നെയ്തലക്കാവ് ഭഗവതി എന്ന ക്രമത്തിൽ എഴുന്നള്ളിപ്പുകൾ വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കും.
11.30ന് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേ മഠത്തിനു മുന്നിലെത്തുമ്പോൾ നടക്കുന്ന മഠത്തിൽ വരവ് പഞ്ചവാദ്യം കാണാൻ ആയിരങ്ങൾ അവിടെ ഇടം പിടിച്ചിരിക്കും. കോങ്ങാട് മധു ആണ് പ്രമാണം. പാറമേക്കാവിൽ നിന്ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പിന് ചെമ്പട മേളം അകടമ്പടിയായി ഉണ്ടാകും.
ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറ മേളമായി അതു മാറും. കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണം. അവിടെയുമുണ്ടാകും ജനസഞ്ചയം. വൈകിട്ട് 5.30ന് തെക്കേനടയിൽ കുടമാറ്റം. നാളെ പുലർച്ചെ 3ന് വെടിക്കെട്ട്. പൂരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനായി 500 സിസിടിവി കാമറകളാണ് പൊലീസ് സ ജ്ജമാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.