തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം ആര് അജിത് കുമാറിന്റെ വീഴ്ച സ്ഥിരീകരിച്ച് മന്ത്രി കെ രാജന്റെ മൊഴി. പൂരം മുടങ്ങിയ സമയത്ത് പല തവണ ഫോണില്‍ വിളിച്ചിട്ടും എംആര്‍ അജിത് കുമാറിനെ കിട്ടിയില്ല.
പ്രശ്ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ലെന്നും മൊഴി നല്കി. പൂരം നടത്തിപ്പിലെ വീഴ്ച അന്വേഷിക്കുന്ന ഡിജിപിയുടെ സംഘത്തിനാണ് മന്ത്രി മൊഴി നല്‍കിയത്. ഔദ്യോഗിക നമ്പറിലും പേഴ്സണല്‍ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരിച്ചില്ലെന്നാണ് മന്ത്രി മൊഴി നല്‍കിയത്.പൂരം നടത്തിപ്പ് സുഗമമല്ലെന്ന് പിന്നീട് അറിയിച്ചിട്ടും പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തിയിട്ടില്ലെന്നും മന്ത്രി അന്വേഷണസംഘത്തോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ മൊഴി അടുത്തയാഴ്ച അന്വേഷണ സംഘം രേഖപ്പെടുത്തും.
മൊഴി സംബന്ധിച്ച് പിന്നീട് പ്രതികരിക്കാമെന്നാണ് കെ രാജനെ സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി. ഒരു വിവാദവും ഇല്ലാതെ ഇത്തവണത്തെ പൂരം അതിഗംഭീരമായി നടത്തുമെന്നും കെ രാജന് പ്രതികരിച്ചു.തൃശൂര്‍ പൂരം അലങ്കോലമായതിൽ അജിത്കുമാറിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് ഡിജിപി അന്വേഷിക്കുന്നത്. സംഭവത്തിൽ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മേയ് ആറിനാണ് ഇത്തവണത്തെ തൃശൂര്‍ പൂരം. തൃശൂര്‍ പൂരത്തിനായുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടു.
പൂരം നടത്താന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ പ്രാവശ്യം ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത്തവണത്തെ പൂരം സുഗമമായി നടത്തുന്നതിന് സര്‍ക്കാര്‍ സഹായം വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്റ് സുന്ദര്‍ മേനോന് പറഞ്ഞു. നിലവില്‍ പൂരവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.