തിരുവനന്തപുരം: ആത്മാഭിമാനത്തെയും ആത്മവീര്യത്തെയും പെരുവഴിയില്‍ വിഴുപ്പലക്കാന്‍ ബിജെപിക്ക് സോപ്പിട്ട് പതപ്പിച്ചു കൊടുക്കുന്ന നിലപാട് ആരെടുത്താലും അതിനെ തുറന്നെതിര്‍ക്കേണ്ടത് കാലികമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സര്‍വകക്ഷി സംഘവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന ശശി തരൂര്‍ എംപിക്കെതിരെയാണ് ജിന്റോ ജോണിന്റെ പരോക്ഷ വിമര്‍ശനം.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ എന്തുകൊണ്ട് എഐസിസി പ്രസിഡന്റായി എന്നുള്ളതിന്റെ ഉത്തരമാണ് നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. എന്റെ രാജ്യം എല്ലാരീതിയിലും സംഘപരിവാര്‍ വത്ക്കരിക്കപ്പെടുന്ന കാലഘട്ടത്തില്‍ സര്‍വ്വതല സ്പര്‍ശിയായി ചെറുത്തുനില്ക്കാന് അടിമുടി കോണ്‍ഗ്രസ്സായ ഒരു പ്രസിഡന്റ് വേണമെന്നുള്ളത് ചരിത്രപരമായ നിയോഗവും രാജ്യത്തോടുള്ള ഉത്തരവാദിത്തവും ശരിയുമായതു കൊണ്ടാണ്.പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന വ്യക്തി അറിഞ്ഞോ അറിയാതെയോ അല്പജ്ഞാനത്തിലോ അപാരജ്ഞാനത്താലോ ബിജെപിയുടെ ഫാസിസ്റ്റ് പ്രധാനമന്ത്രിയെ പിന്തുണയ്ക്കാന്‍ പാടില്ല എന്ന് രാജ്യത്തെ മഹാഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ആഗ്രഹിച്ചതുകൊണ്ട് മാത്രമാണ് ആ ചരിത്രപരമായ ശരി നിവര്‍ത്തിക്കപ്പെട്ടത്. ചില പ്രത്യേക സാഹചര്യത്തിലെ ഉപരിപ്ലവ തിളക്കങ്ങളുടേയും മാധ്യമശ്രദ്ധയില്‍ നിറഞ്ഞുനില്ക്കുന്ന ന്യൂസ് മേക്കേഴ്സിന് പിന്നാലേയും പോയവരും ഉണ്ടാകാം. പക്ഷേ അവരാരും ഇതിന്റെ അപകടം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ലെന്ന് ജിന്റോ ജോണ്‍ കുറിച്ചു.
അര്‍ദ്ധശങ്കയ്ക്കിടയില്ലാതെ ഒരു ബോധ്യം പറയാം. ഈ രാജ്യത്തെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ആത്മാഭിമാനത്തേയും ആത്മവീര്യത്തേയും പെരുവഴിയില്‍ വിഴുപ്പലക്കാന്‍ ബിജെപിക്ക് സോപ്പിട്ട് പതപ്പിച്ചു കൊടുക്കുന്ന നിലപാട് ആരെടുത്താലും അതിനെ തുറന്നെതീര്‍ക്കേണ്ടത് കാലികമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വര്‍ക്കിംഗ് കമ്മിറ്റിയംഗത്തിന് പരസ്യമായി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകള്‍ നടത്താമെങ്കില്‍ അതെല്ലാം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് തിരുത്താനുള്ള അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന പ്രവര്‍ത്തകരുമുണ്ട്.പഹല്‍ഗാം അക്രമത്തിനുള്ള തിരിച്ചടിക്ക് ശേഷമുള്ള ഇന്ത്യയുടെ നിലപാട് വിശദീകരിക്കാന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിലേക്ക് കോണ്‍ഗ്രസ്സില്‍ നിന്നാരെ തെരഞ്ഞെടുത്താലും അഭിമാനമാണ്. പക്ഷേ കോണ്‍ഗ്രസ്സിനോട് ആ കമ്മിറ്റിയിലേക്ക് പ്രതിനിധികളെ അയക്കണമെന്ന് പറയുമ്പോള്‍ ഒരു പാര്‍ട്ടിയെന്ന നിലയില്‍ ആലോചിച്ചെടുത്ത് കൊടുക്കുന്ന ലിസ്റ്റ് കേന്ദ്രസര്‍ക്കാരിന് അംഗീകരിക്കണം. കോണ്‍ഗ്രസ്സിലെ ഏതെങ്കിലും പ്രത്യേക എംപിമാരെ ഡെലിഗേഷന്റെ ഭാഗമാക്കിയാല്‍ കൊള്ളാമെന്നുള്ള താല്പര്യം സര്‍ക്കാരിനുണ്ടെകില്‍ ആ അഭിപ്രായവും മല്ലികാര്‍ജുന്‍ ഖാര്‍ഗേയെ അറിയിക്കേണ്ടതാണ്. അങ്ങനെ പ്രത്യേക താല്പര്യം അറിയിക്കാത്ത പക്ഷം എഐസിസി ആലോചിച്ച് കൊടുക്കുന്ന ലിസ്റ്റില്‍ പെടുന്ന ആളുകളെയാണ് ഡെലിഗേഷന്റെ ഭാഗമാക്കേണ്ടത്. അതിനപ്പുറത്ത് നിന്ന് മാറ്റാളുകളെ സെലക്ട് ചെയ്യുന്നതൊരു മര്യാദകേടാണ്.
ഒന്നുകില്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്ന പ്രതിനിധികളുടെ പേര് സഹിതം ആവശ്യപ്പെടണം. തീര്‍ച്ചയായും കോണ്‍ഗ്രസ് സഹകരിക്കും പിന്തുണയ്ക്കുകയും ചെയ്യുമല്ലോ. പക്ഷേ കോണ്‍ഗ്രസിനോട് അത്തരത്തില്‍ ഒരു പ്രത്യേക ആവശ്യം പറയാതിരിക്കുമ്പോള്‍ സ്വാഭാവികമായും എംപിമാരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ആളുകളെ അയക്കും. എല്ലാകാലത്തും ഒരാള്‍ മാത്രം വിദേശ പര്യടനസംഘത്തിന്റെ ഭാഗമായിരുന്നാല്‍ പോരായെന്നുള്ളത് കൊണ്ടും ഇത്തരം അവസരങ്ങള്‍ക്ക് തുല്യാവകാശം ഉള്ളതുകൊണ്ടും മാറിമാറി അവസരങ്ങള്‍ കൊടുക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നുള്ള നിലയിലെ നടപടിക്രമങ്ങള്‍ മാത്രമാണ്.ബിജെപിയും കേന്ദ്രസര്‍ക്കാരുമെടുത്ത കുറുക്കന് കൗശലമാണ് ചര്‍ച്ചകള്‍ക്ക് ആധാരമെങ്കിലും പുതിയതല്ലാത്തത് കൊണ്ട് കാര്യമാക്കേണ്ടതുമില്ല. പഹല്‍ഗാമില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്ക് ഇതുകൊണ്ടൊന്നും ഉത്തരമാകില്ലല്ലൊ. കോണ്‍ഗ്രസിനകത്ത് ഏതെങ്കിലുമൊക്കെ സാഹചര്യത്തില്‍ പൊതുവില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായം പരസ്യമാക്കുന്നന്നവരെ തിരഞ്ഞുപിടിച്ച് സെലക്ട് ചെയ്യുന്ന ആ നടപടിക്രമങ്ങള്‍ ഈ ഡെലിഗേഷന്റെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഈ ഡെലിഗേഷന്റെ ഭാഗമാകാമോ എന്ന് ഏതെങ്കിലുമൊരു എംപിയോടല്ല കേന്ദ്രസര്‍ക്കാര്‍ ചോദിക്കേണ്ടത്. മുഖ്യപ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയോട് ചോദിച്ചത് പ്രകാരം കൊടുത്ത ലിസ്റ്റ് തൃപ്തികരമല്ലെങ്കിലോ മറ്റാളുകളെ വേണമെങ്കിലോ അതും ആവശ്യപ്പെടാം. അത് ചെയ്യാത്തത് ബിജെപി സര്‍ക്കാരിന്റെ അല്പത്തരമാണ്. അത് മനസ്സിലാക്കാതെ, ഏതെങ്കിലും എം പി സ്വന്തം പാര്‍ട്ടിയില്‍ ഒരു കമ്മ്യൂണിക്കേഷനും നടത്താതെ മോദി സര്‍ക്കാര്‍ വിളിക്കുന്ന നിമിഷം തന്നെ താല്പര്യം പറയുന്നത് ഒരു പാകപ്പെട്ട നിലപാടല്ല. വെറുതെ വന്ന് വിമാനറങ്ങിയപ്പോള്‍ എംപി ആയതല്ല ആരുമെന്ന് മറക്കാനും പാടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരിലും ചിഹ്നത്തിലും മത്സരിക്കുമ്പോള്‍ സ്വാഭാവികമായും പാര്‍ട്ടിയോട് കാണിക്കേണ്ട ചില ഉത്തരവാദിത്വങ്ങളും മര്യാദകളുമുണ്ടെന്നും ഓര്‍ക്കണമായിരുന്നു. എത്ര മികച്ചവരായാലും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി നാലുവട്ടം എംപിയും കേന്ദ്രമന്ത്രിയും ആയവര്‍ ഇത്തരം നിലാപാടെടുക്കുമ്പോള്‍ അത് വ്യക്തിതാല്പര്യം മാത്രമാണ്. അതിനെ രാഷ്ട്ര താല്പര്യമെന്ന മേല്‍വിലാസം കൊടുക്കുന്നത് പോലും അല്പത്തരമാണെന്ന് ഉറച്ചു പറയേണ്ടിവരും.മോദി സര്‍ക്കാര്‍ വിളിച്ച വിളിക്ക് കൂടെച്ചെല്ലാമെന്ന് മറുപടി പറഞ്ഞിട്ട് അക്കാര്യം പാര്‍ട്ടിയില്‍ അറിയിക്കുമ്പോള്‍ അതുകേട്ട് മൂളുന്നവരാണ് പാര്‍ട്ടി നേതൃത്വമെന്ന തെറ്റിദ്ധാരണയും മാറ്റണം. ഇത്തരം വിഷയങ്ങളില്‍ തനിക്ക് വ്യക്തിപരമായൊരു വിളി വന്നിട്ടുണ്ടെങ്കില്‍ അതിലെന്ത് തീരുമാനമെടുക്കണമെന്ന് പാര്‍ട്ടിയോട് ചോദിക്കാനുള്ള മിനിമം മര്യാദയും ശീലിക്കുന്നത് നല്ലതാണ്. മാത്രമല്ല മാധ്യമപ്രവര്‍ത്തകരുടെ മുമ്പില്‍ കൃത്യമായി വന്നു പ്രസ്താവന കൊടുക്കാന്‍ മറക്കാത്തവര്‍ സ്വീകരിക്കുന്ന 'രാഷ്ട്ര താല്പര്യ'ങ്ങള് ഒരു ഘട്ടത്തില്‍ പോലും പാര്‍ട്ടിക്ക് ഗുണകരമാകുന്നതല്ലെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തരം പരിപാടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. എന്തിനുവേണ്ടിയാണ് ഇതെല്ലാം എന്നുകൂടിയേ ഇനി പൊതുസമൂഹത്തിന് അറിയേണ്ടതുള്ളു. പാര്‍ട്ടിയെക്കുറിച്ചുള്ള ചാനലുകള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പറഞ്ഞ മറുപടിയാണ് അതിനേക്കാള്‍ സങ്കടകരം. 'അവര്‍, കോണ്‍ഗ്രസ് തീരുമാനിക്കട്ടെ' എന്ന്. താന്‍ കൂടി അംഗമായ വര്‍ക്കിംഗ് കമ്മിറ്റിയിലും കോണ്‍ഗ്രസിലും തനിക്ക് ഒരു ബന്ധവുമില്ല എന്ന് മാധ്യമങ്ങളെ തോന്നിപ്പിക്കുന്നയാള്‍ക്ക് താന്‍ മാത്രം മറ്റേതോ സംഘടന ആണെന്നുള്ള തോന്നലുണ്ടെങ്കില്‍ അത് മൗഢ്യമാണ്. വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസിനെതിരായിട്ട് മാധ്യമങ്ങളുടെ മുന്പില് വന്ന് മോദി സര്‍ക്കാറിന് വേണ്ടി വര്‍ക്ക് ചെയ്യുന്ന കമ്മറ്റിയല്ല എന്ന് ഇത്തരക്കാര്‍ വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നു. പാര്‍ട്ടിയുടെ ഏറ്റവും ഉന്നത സമിതിയംഗം എല്ലായ്പ്പോഴും വ്യക്തിപരമായ അഭിപ്രായം മാത്രമല്ല പറയേണ്ടത് വല്ലപ്പോഴും പാര്‍ട്ടി നിലപാട് കൂടി പറയണം. പാര്‍ട്ടി ഏതാണെന്ന് മറന്നുപോകാതിരിക്കാന്‍ നല്ലതാണല്ലോ.ഇന്നേക്ക് ഒരു വര്‍ഷം മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ഈ മികവുറ്റ വ്യക്തിത്വവും പ്രഭാവവും ബിജെപിയും കേന്ദ്രസര്‍ക്കാരും കണ്ടില്ലല്ലോ. അവര്‍ നടത്തിയ പ്രചാരണങ്ങള്‍ ഒന്നുകൂടി ഓര്‍ത്തെടുത്താല്‍ നന്നായിരിക്കും. പാര്‍ട്ടിക്കതീതമായ വ്യക്തിപ്രഭാവം ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം ബിജെപി കാണുന്നുണ്ടെങ്കില്‍ ആ കാഴ്ചയ്ക്ക് കുഴപ്പമുണ്ടെന്ന് തിരിച്ചറിയാനുള്ള വിവേകം കൂടി വിശ്വപുരുഷന്‍മാര്‍ക്ക് ഉണ്ടാകണം.ആദിവാസികളുടെയും ദളിതരുടെയും ഹൃദയങ്ങളിലേക്ക് വേരാഴ്ത്തിയ കോണ്‍ഗ്രസ്സിനെ ചിലരൊക്കെ ചില്ലുമേടയിലേക്ക് പറിച്ചുനട്ടത്തിന്റെ പാപഭാരം ഏറ്റുവാങ്ങിയ തലമുറയാണ് ഇത്. ആ ഗാന്ധിയന്‍ കോണ്‍ഗ്രസിനെ, നെഹ്റുവിയന്‍ കാഴ്ചപ്പാടിനെ ഭാരത് ജോഡോയിലൂടെ രാഹുല്‍ഗാന്ധിയും കൂട്ടത്തിലെ പതിനായിരങ്ങളും മഴ നനഞ്ഞും മഞ്ഞുകൊണ്ടും തെരുവിലനഞ്ഞ് മനുഷ്യരെ ചേര്‍ത്തുപിടിച്ച് വേര് പടര്‍ത്താന്‍ നോക്കുമ്പോള്‍ അതില്‍ കത്തിവയ്ക്കാന്‍ നോക്കരുത്. കടന്നുവന്ന സമ്പന്ന സവര്‍ണ്ണ ഫ്യൂഡല്‍ സൗകര്യ സംവിധാനങ്ങളില്‍ മോള്‍ഡ് ചെയ്യപ്പെട്ട ചിലര്‍ക്ക് സംഘപരിവാര്‍ ആശയങ്ങളോട് താദാത്മ്യം പ്രാപിക്കാന്‍ വലിയ പ്രയാസം ഉണ്ടാകില്ല. പക്ഷേ അടിമുടി കോണ്‍ഗ്രസ്സാകാന്‍ ഒരുപാട് പ്രയാസപ്പെടേണ്ടി വരുമെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകും. പക്ഷേ ആ പ്രയാസങ്ങള്‍ക്ക് കൊടുക്കേണ്ട വില ഞങ്ങളെ കൊണ്ട് താങ്ങാവുന്നതിന് അപ്പുറം ആണെങ്കില്‍ അത് തുറന്ന് പറയുക തന്നെ ചെയ്യും.', എന്നും ജിന്റോ ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.