തൃശൂർ: തൃശ്ശൂരിൽ റാപിഡ് റെയിൽ ട്രാൻസ്ഫർ സിസ്റ്റം അഭികാമ്യമെന്ന് തൃശൂർ എംപി സുരേഷ് ഗോപി. തൃശൂരിലേക്ക് ഒരു മെട്രോ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ തന്നെ കളിയാക്കിയെന്നും ഇപ്പോൾ മെട്രോ എവിടെയെന്നാണ് ആളുകൾ ചോദിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ പൂര നഗരിയിൽ നിന്നും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. തൃശൂരിന് ഒരു മെട്രോ എന്നത് തന്റെ സ്വപ്നമാണ്. റാപിഡ് റെയിൽ ട്രെയിൻ സിസ്റ്റം ആണ് തൃശൂരിന് അഭികാമ്യം. അതാകുമ്പോൾ 15 കിലോമീറ്ററിന് ഒരു സ്റ്റോപ്പ് മതി. കൊച്ചി മെട്രോ അങ്കമാലി വരെ നീട്ടാൻ പദ്ധതിയായിട്ടുണ്ട്.ലോക്നാഥ് ബെഹ്‌റ ഡൽഹിയിൽ എത്തിയാൽ അതിൽ ഒരു തീരുമാനമാകും. അവിടെനിന്ന് ആർആർടിഎസ് വഴി തൃശൂരിലേക്ക് എന്നതാണ് തന്റെ സ്വപ്നമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സംസ്ഥാനം കൂടി സഹകരിച്ചാൽ ഇത് നടപ്പാക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.തൃശൂർ പൂരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കണിമംഗലം ശാസ്താവ് വടക്കുംനാഥനിലെത്തി. ഘടകപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ സന്നിധിയിൽ എത്തിച്ചേരുകയാണ്. ജനസാഗരമാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തുന്നത്. പതിനൊന്ന് മണിയോടെ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കും.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇലഞ്ഞിത്തറ മേളം.വൈകിട്ട് അഞ്ചരയ്ക്കാണ് കുടമാറ്റം. തിരുവമ്പാടിയും പാറമേക്കാവും എന്തൊക്കെ സർപ്രൈസായിരിക്കും കാത്തുവയ്ക്കുക എന്നതാണ് ഏവരുടേയും ആകാംക്ഷ. നാളെ രാവിലെ മൂന്ന് മണിക്കാണ് വെടിക്കെട്ട്.
നയന മനോഹര കാഴ്ചകളാകും വടക്കുംനാഥ സന്നിധി ഒരുക്കിയിരിക്കുന്നതെന്നതിൽ സംശയമില്ല.ഇന്നലെ ആയിരങ്ങളെ സാക്ഷിയാക്കി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നോടെയാണ് പൂരച്ചടങ്ങുകൾക്ക് തുടക്കമായത്.
പൂരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനായി 500 സിസിടിവി കാമറകളാണ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.